ജയ്പൂര്‍: ലോക വനിതാ ദിനത്തില്‍ പുരുഷന്മാരെ പരിഹസിച്ച് രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സുമന്‍ ശര്‍മ. ലോ വെയിസ്റ്റ് പാന്റ്‌സ് ധരിക്കുന്ന ഇപ്പോഴത്തെ ആണ്‍കുട്ടികള്‍ക്ക് അവരുടെ സഹോദരിമാരെ എങ്ങനെ രക്ഷിക്കാനാകുമെന്ന് അത്ഭുതപ്പെടുകയാണെന്ന് സമുന്‍ ശര്‍മ്മ പറഞ്ഞു. പാന്റ്‌സ്‌പോലും നേരെ ചൊവ്വെ പിടിക്കാന്‍ സാധിക്കാത്ത അവര്‍ക്ക് എങ്ങനെയാണ് സ്വന്തം സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുകയെന്നും അവര്‍ ചോദിച്ചു.
‘വിസ്താരമേറിയ നെഞ്ചുള്ള പുരുഷന്‍ എന്നത് എല്ലാ സ്ത്രീകളുടേയും മനസിലുള്ള സ്വപ്നമായിരുന്നു. എന്നാല്‍ ഇനി അങ്ങനെയൊരു ചിത്രം പെണ്‍കുട്ടികളുടെ മനസില്‍ നിന്ന് മാഞ്ഞ് പോകുന്ന സമയം വിദൂരമല്ലെന്ന് രാജസ്ഥാന്‍ വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സമുന്‍ ശര്‍മ്മ. ഇന്നത്തെ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പോലെ കമ്മലിട്ട് നടക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
ജയ്പൂരില്‍ ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുമന്‍. അഴിഞ്ഞുവീഴാറായ ജീന്‍സ് ധരിക്കുന്നവരാണ് ഇപ്പോഴത്തെ ആണ്‍കുട്ടികള്‍. സ്ത്രീകളെപ്പോലെ കമ്മല്‍ ധരിക്കുക്കുകയും സീറോ സൈസായി നടക്കുകയുമാണ് പുരുഷന്മാരെന്നും ഇവര്‍ക്ക് എന്താണ് സംഭവിച്ചതെന്നും സുമന്‍ ചോദിച്ചു.
‘ആണ്‍കുട്ടികളെ വിരിഞ്ഞമാറുളളവരാക്കേണ്ടതുണ്ട്. അത് നമ്മുടെ ഉത്തരവാദിത്തമാണ്. കുട്ടികളില്‍ മൂല്യങ്ങള്‍ നിറയ്‌ക്കേണ്ടത് മാതാവിന്റെ ഉത്തരവാദിത്തമാണ്’ സുമന്‍ പറഞ്ഞു. പുരുഷന്മാരെ പിന്നിലാക്കുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് അധികം മുന്നോട്ടുപോകാനാവില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീകള്‍ അതിരുവിടരുതെന്നും സുമന്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.