ജയ്പൂര്‍: വെട്ടികിളി ശല്യം മൂലം കനത്ത കൃഷിനാശം. രാജസ്ഥാനിലെ 11 ജില്ലകളിലാണ് വെട്ടികിളി ശല്യം. പാക്കിസ്ഥാന് അതിര്‍ത്തിയോടു ചേര്‍ന്ന ജില്ലകളിലെ മൂന്നേമുക്കാല്‍ ലക്ഷം ഹെക്ടര്‍ സ്ഥലത്താണു വന്‍ തോതില്‍ വെട്ടികിളി ശല്യം മൂലം കൃഷിനാശം ഉണ്ടായിരിക്കുന്നത്. കടുക്, ജീരകം, ഗോതമ്പ് തുടങ്ങിയ കൃഷികളാണ് ഏറെയും നശിച്ചിരിക്കുന്നത്.
മേയ് മാസത്തില്‍ തുടങ്ങിയ വെട്ടുകിളി ശല്യമാണ് ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്നത്. 2.60 ലക്ഷം ലീറ്റര്‍ കീടനാശിനി ഇതിനോടകം കീടനിയന്ത്രണത്തിനായി ഉപയോഗിച്ചെങ്കിലും പാക്കിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ ഇവ നിയന്ത്രണമില്ലാതെ പെരുകുന്നതിനാല്‍ അതിര്‍ത്തി ജില്ലകളിലേക്കു വീണ്ടും ഇവ എത്തുകയാണെന്നാണു കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്. അതിനാല്‍ വെട്ടുകിളി നിയന്ത്രണത്തിനായി രാജ്യാന്തര സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആരംഭിക്കുന്ന വെട്ടുകിളി ശല്യം നവംബര്‍ പകുതിയോടെ അവസാനിക്കുകയാണു പതിവ്. എന്നാല്‍ ഇത്തവണ വേനല്‍ക്കാലത്തു മരുപ്രദേശങ്ങളില്‍ പരക്കെ മഴ ലഭിച്ചത് ഇവയുടെ ആക്രമണം നേരത്തേയാക്കാന്‍ കാരണമായി.
ജയ്‌സാല്‍മേര്‍ (2 ലക്ഷം ഹെക്ടര്‍), ബാഡ്‌മേര്‍ (8000), ബിക്കാനേര്‍ (8000), ശ്രീഗംഗാനഗര്‍ (5000) എന്നിവയ്ക്കു പുറമേ ജലോര്‍, ഹനുമാന്‍ഗഡ്, നഗോര്‍, ചുരു, പാലി, സിരോഹി, ദൂംഗാര്‍പൂര്‍ ജില്ലകളിലാണ് വെട്ടുകിളി ശല്യം ഏറ്റവും നാശം വിതച്ചിരിക്കുന്നത്.
കാല്‍ നൂറ്റാണ്ടിനിടെയുള്ള ഏറ്റവും കടുത്ത വെട്ടുകിളി ശല്യമാണ് ഈ വര്‍ഷത്തേത്. 26 വര്‍ഷം മുമ്പായിരുന്നു സമാനമായ രീതിയില്‍ വ്യാപക വെട്ടുകിളി ശല്യമുണ്ടായത്.