അല്‍വാര്‍: രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍.
യുവതിയെ ആശ്രമത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 70കാരനായ ആള്‍ദൈവം കുശലേന്ദ്ര പ്രപന്നാചാര്യ ഫലഹാരി മഹാരാജ് എന്ന ഫലഹാരി ബാബയാണ് അറസ്റ്റിലായത്.
ആഗസ്റ്റ് ഏഴിന് രാജസ്ഥാനിലെ അല്‍വാറിലുള്ള ആഢംബര ആശ്രമത്തില്‍ വച്ചാണ് പീഡനം നടന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വര്‍ഷങ്ങളായി ബാബയുടെ അനുയായികളായിരുന്നു.
നിയമ വിദ്യാര്‍ഥിയായ പെണ്‍കുട്ടി ഇന്റേണ്‍ഷിപ്പ് ചെയ്തപ്പോള്‍ ലഭിച്ച 3000 രൂപ ബാബക്ക് ദാനം ചെയ്യാന്‍ വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയോട് ഗ്രഹണമായതിനാല്‍ ദര്‍ശനമുണ്ടാകില്ലെന്നും ആശ്രമത്തില്‍ താമസിക്കണമെന്നും ആവശ്യപ്പെട്ടു. അതുപ്രകാരം ആശ്രമത്തില്‍ നിന്ന പെണ്‍കുട്ടിയെ രാത്രി ബാബയുടെ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
സംഭവം ആരോടും പറയരുതെന്ന് പെണ്‍കുട്ടിയെ ബാബ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് പീഡനക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ ലഭിച്ചത് അറിഞ്ഞതോടെയാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നെന്നും അതുപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയായിരുന്ന ബാബയെ അവിടെ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാബയെ അല്‍വാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനക്ക് വിധേയനാക്കിയപ്പോള്‍ ഇ.സി.ജിയും പ്രമേഹവും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.