രാജസ്ഥാനില്‍ ദളിത് എംഎല്‍എമാരുടെ വീട് കത്തിച്ചു; 40 പേര്‍ അറസ്റ്റില്‍

fire

ജയ് പൂര്‍: ദളിത് ബന്ദിനെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ കരൗളി ജില്ലയിലെ ഹിന്ദൗന്‍ സിറ്റിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ ദളിത് എം.എല്‍.എയുടെയും, മുന്‍ എം.എല്‍.എയുടേയും വീടിന് തീവെച്ചു.

ബി.ജെ.പി എം.എല്‍.എയായ രാജകുമാരി ജാദവ്, മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ബരോസിലാല്‍ ജാദവ് എന്നിവരുടെ വീടാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തില്‍ നാല്‍പതു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

പട്ടികജാതി/വര്‍ഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്ക് തുടര്‍ച്ചയായാണ് എംഎല്‍എയുടെ വീടിന് നേരെയുള്ള ആക്രമണം

അയ്യായിരത്തോളം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഭരോസിലാല്‍ ജാദവിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ ബുധനാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രക്ഷോഭകാരികളും പൊലീസുമായി നടത്തിയ ഏറ്റമുട്ടലില്‍ ഇതുവരെ 12 പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷ മേഖലകളില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.

Top