‘കര്‍ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടി’; വി ടി ബല്‍റാം

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രത്തിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കിയ കർണാടക സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വി ടി ബൽറാം.  സ്വാതന്ത്ര്യദിനത്തില്‍ പണ്ഡിറ്റ് ജവര്‍ ലാല്‍ നെഹ്‌റു ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടുത്തി പരസ്യം നല്‍കിയ രാജസ്ഥാന്‍ സര്‍ക്കാരിനെ കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാം അഭിനന്ദിക്കുകയും ചെയ്തു. കര്‍ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടിയെന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

‘രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തി ഇന്ത്യയുടെ മറുപടി കൂടിയാണ്. കാരണം, നെഹ്‌റു ഇന്ത്യയുടെ ഹൃദയത്തിലാണ്. അല്ല, നെഹ്‌റു തന്നെയാണ് ഇന്ത്യയുടെ ഹൃദയം. ഇന്ത്യയുടെ പുരോഗമന ഹൃദയത്തിലാണ് നെഹ്‌റുവിന്റെ സ്ഥാനം. ഇന്ത്യയെന്ന ആശയത്തിന്റെ യഥാര്‍ത്ഥ ശില്‍പികള്‍ക്ക് പ്രണാമം’, വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രത്തില്‍ നെഹ്‌റുവിനെ ഒഴിവാക്കി പരസ്യം നല്‍കിയ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ നടപടിയും, ഇന്ത്യ പാക് വിഭജനത്തിന്റെ കാരണക്കാരനായി നെഹ്‌റുവിനെ ചിത്രീകരിച്ചതും വിവാദമായ സാഹചര്യത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടി. പരസ്യം മലയാള പത്രങ്ങളിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Top