ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി പരോള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ആറ് മാസത്തെ പരോള്‍ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിച്ചത്.
അതേസമയം, പിതാവിന്റെ കൊലപാതകികളോട് ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാതിരുന്നതിനും രാഹുല്‍ ഗാന്ധിക്ക് നളിനി നന്ദി പറയുകയും ചെയ്തു. 25 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് നളിനി അടക്കമുള്ള ഏഴ് പ്രതികള്‍.
വെല്ലൂരിലെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ജയിലിലാണ് നളിനി താമസിക്കുന്നത്. ജീവിതത്തില്‍ നിരവധി ദുഖകരമായ സന്ദര്‍ഭങ്ങള്‍ ഉണ്ടായി അവയെല്ലാം മറക്കാന്‍ ആഗ്രഹിക്കുന്നു. മകളുടെ കൂടെ ഇനിയുള്ള ജീവിതം ജീവിക്കണമെന്നും നളിനി പറഞ്ഞു.
പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറയ്ക്കുകയും 2016 ല്‍ ജയലളിത സര്‍ക്കാര്‍ പ്രതികളെ വിട്ടയക്കാന് തീരുമാനിക്കുകയും ചെയ്തിരുന്നു. പ്രതികളെ ജയില്‍ മോചിതരാക്കാന്‍ സര്‍ക്കാരിന് ഗവര്‍ണറെ സമീപിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യങ്ങളില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്നും പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വിധിച്ചു.