തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അങ്കമാലി നായത്തോട് വീരന്‍പറമ്പില്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകനായ സി.പി.ഉദയഭാനുവിനെതിരേ പ്രതികളുടെ മൊഴി.
കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഷൈജു, ജോണി, രഞ്ജിത്ത് എന്നിവരുടെ മൊഴികളിലാണ് ഉദയഭാനുവിനെതിരേ പരാമര്‍ശമുള്ളത്.
രാജീവിനെ തട്ടിക്കൊണ്ടുവന്നത് ഉദയഭാനുവിനു വേണ്ടി കൂടെയാണെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദയഭാനുവിനെതിരേ തെളിവുകള്‍ ശേഖരിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.
കൊലപാതകത്തില്‍ ഉദയഭാനുവിനും പങ്കുണ്ടെന്ന ആരോപണവുമായി രാജീവിന്റെ മകന്‍ അഖില്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ അഭിഭാഷകനുള്ള പങ്ക് അന്വേഷിക്കണമെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ, ഉദയഭാനുവില്‍ നിന്ന് വധഭീഷണിയുളളതായി മരിച്ച രാജീവന്‍ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു.
പാലക്കാട്ടെ ഒരു വസ്തുവുമായി ബന്ധപ്പെട്ട് രാജീവും ഉദയഭാനുവും തമ്മില്‍ ബന്ധപ്പെട്ടിരുന്നതായും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും രാജീവിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു.
അതേസമയം തന്റെ സുഹൃത്തായ രഞ്ജിത്ത് മുഖേനയാണ് ജോണി, രാജീവിനെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. പത്തു വര്‍ഷം മുമ്പ് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനിറങ്ങിയ രാജീവിനൊപ്പം ഇതേ മേഖലയിലുണ്ടായിരുന്ന ചക്കര ജോണിയും ചേര്‍ന്നു. കോടികളുടെ ഇടപാട് നടത്തിയ ഇരുവരും നാലുവര്‍ഷം മുമ്പ് തെറ്റിപ്പിരിഞ്ഞു. കോടിക്കണക്കിന് രൂപ വരുന്ന കച്ചവടത്തില്‍ രാജീവിന് വന്‍തുക നല്‍കുന്നതില്‍ നിന്നും ജോണി മുഖം തിരിച്ചു. ഇതേത്തുടര്‍ന്ന് തന്റെ കേസിനു വേണ്ടി രാജീവ് എറണാകുളത്തെ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. പിന്നീട് രാജീവ് മുഖേന അഭിഭാഷകന്‍ ഭൂമി ഇടപാടു നടത്തി. എന്നാല്‍ ഇതില്‍ വന്‍തുക കിട്ടാക്കടമായി. ഈ തുക ലഭിക്കുന്നതിന് അഭിഭാഷകന്‍ ഭീഷണിപ്പെടുത്തുന്നതായി കാട്ടി രാജീവ് മുഖ്യമന്ത്രിക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. ഇതിനിടെയാണ് രാജീവിന്റെ കൊലപാതകം.
രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അങ്കമാലി സ്വദേശി ചക്കര ജോണി തിങ്കളാഴ്ച രാവിലെ പിടിയിലായിരുന്നു. ആറുപേരാണ് കേസില്‍ ആകെ അറസ്റ്റിലായിട്ടുള്ളത്.