തൃശൂര്‍: ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടില്‍ അഡ്വ.സി.പി.ഉദയഭാനു പല തവണ വന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.
രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മറ്റ് നിര്‍ണായക തെളിവുകളും പൊലീസിന്റെ പക്കലുണ്ടെന്നാണ് സൂചന.
ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഗൂഢാലോചന കേന്ദ്രീകരിച്ചാണ് കൊലപാതക അന്വേഷണം പുരോഗമിക്കുന്നത്. ഗൂഢാലോചനയില്‍ പങ്കെടുത്ത അങ്കമാലി സ്വദേശിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
ഉദയഭാനുവിനെതിരെ പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഉദയഭാനുവിനെതിരെ പരാമര്‍ശമുണ്ട്. രാജീവിനെ തട്ടിക്കൊണ്ടുപോയത് അഭിഭാഷകന്റെകൂടി ആവശ്യപ്രകാരമാണെന്ന് മൂന്ന് പ്രതികളും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഉദയഭാനുവിനെതിരെ അന്വേഷണം തുടരുകയാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചിരുന്നു.
ഉദയഭാനുവിനും കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖിലാണ് പൊലീസില്‍ പരാതി നല്‍കിയത്.
അഭിഭാഷകനും ജോണിയും ചേര്‍ന്ന് ഒട്ടേറെ തവണ അച്ഛനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി അച്ഛന്റെ മരണത്തിന് മുന്‍പ് തന്നെ പല തവണ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉളളവര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും അഖില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മുഖ്യപ്രതി അങ്കമാലി ചെറുമഠത്തില്‍ ജോണിയെയും (ചക്കര ജോണി) കൂട്ടാളി പൈനാടത്ത് രഞ്ജിത്തിനെയും പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനുശേഷം മുങ്ങിയ ഇവരെ പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നാണ് പിടികൂടിയത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.