കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ വിലക്കിനെ എതിര്‍ത്ത് സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി. ഷെയ്ന്‍ അച്ചടക്ക ലംഘനം നടത്തിയെങ്കില്‍, ന്യായീകരിക്കുന്നില്ല. പക്ഷെ അയാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് തെറ്റായ നടപടിയാണെന്ന് രാജീവ് രവി പറഞ്ഞു.സിനിമാ നിര്‍മാതാക്കളുടെ സംഘടന ഷെയ്‌നെ സിനിമയില്‍നിന്നു വിലക്കിയാല്‍ ഷെയ്‌നിനെ തന്റെ അസിസ്റ്റന്റാക്കുമെന്നും അദ്ദേഹത്തെവച്ചു സിനിമ ചെയ്യുമെന്നും രാജീവ് രവി വ്യക്തമാക്കി.
മോഹന്‍ലാലും മമ്മൂട്ടിയുമായി താരതമ്യം ചെയ്യുന്നതിന് പകരം പ്രായം കണക്കിലെടുത്ത് ഷെയ്നിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷെയ്‌നിന്റെ പ്രായം വെറും 22 വയസാണ്. ചെറിയ പയ്യനാണ്. അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെല്ലാം സ്വന്തം കാര്യമാണ്. അതവന്‍ പറയുന്നതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. വളരെ കഴിവുള്ള നടനാണ്. അവനെ ജനങ്ങള്‍ കൈവിടില്ലെന്ന് ഉറപ്പുണ്ടെന്നും രാജീവ് രവി പറഞ്ഞു.
50-60 വയസുള്ള ആളുകള്‍ ഇരുന്ന് ഇരുപത്തിരണ്ടുകാരനെ വിധിക്കുമ്പോള്‍, അവരൊക്കെ ആ പ്രായത്തില്‍ എന്തൊക്കെയാണു ചെയ്തിരുന്നതെന്ന് ചിന്തിക്കണം. ഷെയ്‌നെതിരെ ഏകപക്ഷീയമായ ആക്രമണമാണു നടക്കുന്നതെന്നും സംഘടനകളില്‍ കുറച്ചുകൂടി ജനാധിപത്യപരമായി ചിന്തിക്കുന്ന ആളുകളുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും രാജീവ് രവി അഭിപ്രായപ്പെട്ടു.