ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസിലെ കൂട്ടുപ്രതികളിലൊരാളായ രാജീവ് സക്‌സേനയ്ക്ക് വിദേശ യാത്രയ്ക്ക് അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധിയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകണമെന്നായിരുന്നു സക്‌സേനയുടെ ആവശ്യം.
അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതി കേസില്‍ കൂട്ടുപ്രതികളിലൊരാളായ രാജീവ് സക്സേനയെ ജനുവരിയിലാണ് ദുബായില്‍ നിന്നും ഇന്ത്യക്ക് കൈമാറുന്നത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ മാപ്പു സാക്ഷിയാകാന്‍ സമ്മതിക്കണമെന്നാവശ്യപെട്ട് സക്സേന കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സക്സേന മാപ്പു സാക്ഷിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് എന്‍ഫോര്‍സ്മെന്റ് ഡയറക്റ്ററേറ്റും കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് രാജീവ് സക്സേനയെ മാപ്പു സാക്ഷിയാക്കി കൊണ്ട് പ്രത്യേക സി ബി ഐ കോടതി ഉത്തരവിറക്കിയിരുന്നു.
അഗസ്റ്റ വെസ്റ്റലാന്റ് ഇടപാടിന്റെ മറവില്‍ പല വിദേശ കമ്പനികളില്‍ നിന്നും കണക്കില്‍പെടാത്ത കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സക്സേനക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.