ജയ്പുര്‍: തമിഴ്‌നാട്ടില്‍ ജയലളിത ആരംഭിച്ച അമ്മ കാന്റീന്‍ മാതൃക അനുകരിച്ച് രാജസ്ഥാന്‍ സര്‍ക്കാരും.
പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം നല്‍കാന്‍ അന്നപൂര്‍ണ രസോയി യോജന എന്ന പേരിലാണ് രാജസ്ഥാനിലെ പദ്ധതി. ആദ്യ സംരംഭം വ്യാഴാഴ്ച ജയ്പുര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ ഉദ്ഘാടനം ചെയ്തു.
പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും എട്ട് രൂപയുമാണ് നിരക്ക്. ഭക്ഷണം തയ്യാറാക്കി വിവിധ കേന്ദ്രങ്ങളില്‍ വാഹനങ്ങളിലെത്തിച്ചാണ് വിതരണം. 12 ജില്ലകളിലെ 80 സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാര്‍ ചെയ്ത വാനുകളും നിരത്തിലിറക്കി.പ്രദേശിക ഭരണ സംവിധാനങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല
പ്രത്യേകം പരിശീലനം ലഭിച്ചവരാണ് പാചകവും വിതരണവും. ഇവര്‍ക്ക് പ്രത്യേക വസ്ത്രങ്ങളുമുണ്ട്. നോട്ട് ക്ഷാമത്തെത്തുടര്‍ന്ന് പണം നല്‍കാന്‍ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനങ്ങളും വാനുകളിലുണ്ടാകും.
സാധാരണക്കാരായ തൊഴിലാളികള്‍,റിക്ഷ വലിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെല്ലാമാണ് പദ്ധതി ഏറ്റവും ഗുണം ചെയ്യുക.