തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതക കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആര്‍.
ആര്‍എസ്എസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷമാണ് കൊലയില്‍ കലാശിച്ചത്.
ആറ് പേര്‍ ചേര്‍ന്ന് കൊല നടത്തിയ കേസില്‍ ആകെ 11 പ്രതികളാണുള്ളത്.
കേസിലെ മുഖ്യ പ്രതികളെല്ലാം പിടിയിലായിരുന്നു. മണികണ്ഠന്‍ (മണിക്കുട്ടന്‍) ഉള്‍പ്പെടെ നാലുപേരെ ഡിവൈഎസ്പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാളെ കൂടാതെ ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്.
അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ കാട്ടാകടയ്ക്ക് സമീപത്തു നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചു നല്‍കിയവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
അക്രമ രാഷ്ട്രീയത്തെത്തുടര്‍ന്നുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുകയും, അക്രമത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനിലേക്കു വിളിച്ചുവരുത്തിയിരുന്നു.
കൂടിക്കാഴ്ചയ്ക്കു ശേഷം കുറ്റവാളികളെ കര്‍ശനമായി നേരിടുമെന്നു മുഖ്യമന്ത്രി അറിയിച്ചതായി ഗവര്‍ണര്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.
തുടര്‍ന്ന്, കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി രാജ്ഭവന്‍ പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു.