ഒറ്റയ്ക്ക് തമിഴകം പിടിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ഒടുവില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും. ഈ വെല്ലുവിളി മറികടക്കാന്‍ പുതിയ രാഷ്ട്രീയ സഖ്യത്തിനാണ് രജനിയുടെ നീക്കം. കമല്‍ഹാസന് പുറമെ മുന്‍ സൂപ്പര്‍ താരങ്ങളായ വിജയകാന്ത്, ശരത്കുമാര്‍ എന്നിവരുടെ പാര്‍ട്ടികളെയും ഒപ്പം കൂട്ടാനാണ് പദ്ധതി. ഇതിനായി തിരക്കിട്ട ചര്‍ച്ചകളാണ് നടന്നു വരുന്നത്. 2011-ല്‍ തമിഴ് നാട്ടില്‍ പ്രതിപക്ഷ നേതാവ് വരെയായ താരമാണ് വിജയകാന്ത്. ഡി.എം.കെ തകര്‍ന്നടിഞ്ഞ ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെ മത്സരിച്ച 41 സീറ്റില്‍ 29 എണ്ണത്തിലും വിജയിക്കുകയുണ്ടായി. അണ്ണാ ഡി.എം.കെയുമായി ചേര്‍ന്നായിരുന്നു ഈ നേട്ടം ആ പാര്‍ട്ടി കരസ്ഥമാക്കിയിരുന്നത്.
വിജയകാന്തിന്റെ പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നത് ഭാര്യ പ്രേമലതയാണ്. തമിഴകത്ത് സ്വന്തമായി ‘ക്യാപ്റ്റന്‍’ എന്ന പേരില്‍ ടി.വി ചാനലും വിജയകാന്തിനുണ്ട്. ‘സൂര്യന്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ സൂപ്പര്‍ താരമായി വളര്‍ന്ന ശരത് കുമാര്‍ 1996ലാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നത്.’സമത്വമക്കള്‍ കക്ഷിയെന്നാണ്’ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര്. ഡി.എം.കെയുമായും അണ്ണാ ഡി.എം.കെയുമായും ചേര്‍ന്നു പ്രവര്‍ത്തിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്. 2002-ല്‍ രാജ്യസഭാംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉലകനായകന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയുടെ പേര് ‘മക്കള്‍ നീതിമയ്യം’ എന്നാണ്. 2018 ഫെബ്രുവരിയിലായിരുന്നു പാര്‍ട്ടിയുടെ പിറവി.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഒന്നും ലഭിച്ചില്ലെങ്കിലും വോട്ട് ഷെയര്‍ മോശമല്ലായിരുന്നു. 10 മുതല്‍ 12 ശതമാനം വരെ വോട്ട് ഷെയര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ കമലിന്റെ പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂരിലും സൗത്ത് ചെന്നൈയിലും ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് മക്കള്‍ നീതിമയ്യം നേടിയിരുന്നത്. ഒറ്റയ്ക്ക് നിന്നാല്‍ ഒന്നുമാകില്ലെന്ന തിരിച്ചറിവ് കമലിനും ഇപ്പോഴുണ്ട്. അതു കൊണ്ട് തന്നെ രജനിക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹത്തിനും താല്‍പ്പര്യം. ഇരുവരുടെയും സുഹൃത്തുക്കളാണ് ചര്‍ച്ചയ്ക്കും കളമൊരുക്കിയിരിക്കുന്നത്. അധികാരം ലഭിച്ചാല്‍ രജനി മുഖ്യമന്ത്രി, കമല്‍ ഉപമുഖ്യമന്ത്രി എന്നതാണ് വാഗ്ദാനം. വിജയകാന്തിന്റെ ഭാര്യ പ്രേമലത, ശരത് കുമാര്‍ എന്നിവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കുവാനും ധാരണയായിട്ടുണ്ട്.
നടിമാരായ നയന്‍താര, ഖുശ്ബു, എന്നിവരെ ഒപ്പം നിര്‍ത്താനും രജനിക്ക് പദ്ധതിയുണ്ട്. നവംബറില്‍ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ഇക്കാര്യത്തിലും ധാരണയുണ്ടാക്കും. മറ്റു ചെറു പാര്‍ട്ടികളെ കൂട്ടി ഒപ്പം കൂട്ടി വിശാല പ്രതിപക്ഷ മുന്നണിയാണ് രജനി ലക്ഷ്യമിടുന്നത്. അണ്ണാ ഡി.എം.കെയോടും ബി.ജെ.പിയോടും ഇതുവരെ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല. ബി.ജെ.പിയെ ഒപ്പം കൂട്ടിയാല്‍ കമല്‍ പിണങ്ങുമെന്നതും രജനിയെ പിറകോട്ടടിപ്പിക്കുന്ന ഘടകമാണ്. ഈ രണ്ട് പാര്‍ട്ടികളോടുമുള്ള രജനിയുടെ നിലപാട് ക്ലൈമാക്‌സില്‍ മാത്രമേ ഇനി വ്യക്തമാകുകയുള്ളൂ. നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമായില്ലെങ്കിലും അടുത്ത ലോകസഭ തിരഞ്ഞെടുപ്പിലാണ് രജനിയുടെ പിന്തുണ ബി.ജെ.പിയും ആഗ്രഹിക്കുന്നത്.
ഭരണപക്ഷമായ അണ്ണാ ഡി.എം.കെയാവട്ടെ നിലവില്‍ വലിയ പ്രതിസന്ധിയിലുമാണ്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും തമ്മില്‍ കടുത്ത ഭിന്നതയാണ് നിലവിലുള്ളത്. ജയില്‍ മോചിതയായി വരാന്‍ പോകുന്ന ശശികലയും ഇരുവര്‍ക്കും വലിയ വെല്ലുവിളിയാണ്. ശശികലയെ രംഗത്തിറക്കി ‘കളം’ പിടിക്കാന്‍ ടി.ടി.വി ദിനകരനും രംഗത്തുണ്ട്. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി ശശികലയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ജയലളിത മത്സരിച്ചിരുന്ന ആര്‍.കെ നഗറില്‍ വിജയിക്കാനായതാണ് ദിനകറിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. അണ്ണാ ഡി.എം.കെയെ പിളര്‍ത്തുക എന്നതും ഇരുവരുടെയും ലക്ഷ്യമാണ്.
അതേസമയം മുഖ്യ പ്രതിപക്ഷമായ ഡി.എം.കെയും ഇപ്പോള്‍ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയമാണ് സ്റ്റാലിന് ആത്മവിശ്വാസം നല്‍കുന്നത്. സി.പി.എം, കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഡി.എം.കെയുടെ തീരുമാനം. നടന്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ എന്നതും തമിഴകത്തിപ്പോള്‍ ചൂടുള്ള ചര്‍ച്ചയാണ്. ദളപതി ഇറങ്ങിയാല്‍ മറ്റെല്ലാവരുടെയും കണക്ക് കൂട്ടലുകളാണ് തെറ്റുക. എല്ലാവരും ഒരു പോലെ ഭയക്കുന്നതും ഈ യുവതാരത്തെയാണ്.
എന്നാല്‍ വിജയ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിജയ് മത്സരത്തിന് ഇറങ്ങിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാട് എന്തായാലും വിധിയെഴുത്തിനെ സ്വാധീനിക്കും. ‘തീ’ പാറുന്ന പോരാട്ടത്തിനാണ് തമിഴകം ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പോരാട്ടം എന്നു തന്നെ ഇതിനെ വിലയിരുത്തേണ്ടി വരും. ഇത്രയധികം പ്രമുഖര്‍ രംഗത്തിറങ്ങുന്നതോടെ പരമ്പരാഗത വോട്ട് ബാങ്കുകളാണ് തകര്‍ക്കപ്പെടുക. അക്കാര്യം എന്തായാലും ഉറപ്പാണ്. ഇത് ആര്‍ക്കാണ് നേട്ടമുണ്ടാക്കുക എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.