ചെന്നൈ: രജനി മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. രാഷ്ട്രീയ പ്രവേശവും പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് താരം യോഗം വിളിച്ചതെന്നാണ് സൂചന. എന്നാല്‍ യോഗത്തില്‍ ചര്‍ച്ചയായ കാര്യങ്ങള്‍ നല്ല രീതിയിലായിരുന്നില്ലെന്ന് രജനീകാന്ത് തന്നെ ചര്‍ച്ചയ്ക്കു ശേഷം പ്രതികരിച്ചു.
സംഘടനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു വര്‍ഷത്തിനു ശേഷമാണു രജനീകാന്ത് ജില്ലാ സെക്രട്ടറിമാരെ കാണുന്നത്. അവര്‍ക്കു ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. അതിനെല്ലാം ഉത്തരം നല്‍കി. പല പ്രശ്‌നങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം എനിക്കു നിരാശയുണ്ട്. ഇക്കാര്യം ശരിയായ സമയത്തു വെളിപ്പെടുത്തും കൂടിക്കാഴ്ചയ്ക്കു ശേഷം രജനീകാന്ത് പ്രതികരിച്ചു.
പാര്‍ട്ടി പ്രഖ്യാപനം, സ്വീകരിക്കേണ്ട നയങ്ങളും തന്ത്രങ്ങളും എന്നിവരാണു രജനീകാന്ത് പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തതെന്ന് ആര്‍എംഎം ജില്ലാ സെക്രട്ടറിമാരിലൊരാളായ ജോസഫ് സ്റ്റാലിന്‍ പറഞ്ഞു. ഒരോ ജില്ലകളിലെയും പ്രശ്‌നങ്ങളെന്തൊക്കെയെന്നു ചോദിച്ചറിഞ്ഞു. ഇതിനു ശേഷം എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നും പ്രവര്‍ത്തകരോടു പറഞ്ഞു. ജോസഫ് സ്റ്റാലിന്‍ വ്യക്തമാക്കി. മതനേതാക്കള്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് രജനീകാന്ത് അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു. ഇതു വിവാദമായതോടെ ഇസ്‌ലാം മതനേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.