രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; നിരാഹാര സമരം ആരംഭിച്ചു

ചെന്നൈ: ചെന്നൈയില്‍ നടൻ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന തീരുമാനം പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചും അദ്ദേഹം തിരികെയെത്തണമെന്ന് ആവശ്യപ്പെട്ടും ആരാധകരുടെ നിരാഹാരസമരം ആരംഭിച്ചു. രജനീകാന്തിന്‍റെ ഔദ്യോഗിക ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്‍റെ വിലക്ക് മറികടന്നാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒപ്പം കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള രണ്ട് ലക്ഷത്തോളം വരുന്ന ആളുകളാണ് ഇന്ന് രാവിലെ ചെന്നൈ വള്ളുവര്‍ കോട്ടത്ത് സംഘടിച്ചത്.

രജനിയെ ഭാവി മുഖ്യമന്ത്രിയായി കണ്ടുപോയെന്നും അദ്ദേഹം തീരുമാനം പുന:പരിശോധിച്ചേ തീരൂവെന്നുമാണ് സമരത്തിനെത്തിയ പലരുടെയും പ്രതികരണം. ‘സൂപ്പര്‍സ്റ്റാര്‍ മുഖ്യമന്ത്രി’യെന്ന് എഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളും ഏന്തിയാണ് പലരും പ്രതിഷേധത്തില്‍ പങ്കെടുത്തത്. ‘2021ലെ മുഖ്യമന്ത്രി’ എന്ന് രജനിയുടെ ചിത്രത്തിനൊപ്പം അച്ചടിച്ച കലണ്ടറുകള്‍ ഉള്‍പ്പെടെ സ്ഥലത്ത് വിതരണം ചെയ്യുന്നുമുണ്ട്. ചെന്നൈയില്‍ ആരംഭിച്ചിരിക്കുന്ന നിരാഹാര സമരം വെറും ട്രെയ്‍ലര്‍ മാത്രമാണെന്നും മധുര, സേലം അടക്കം തമിഴ്നാട്ടിലുടനീളം സമരം വ്യാപിപ്പിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. അതേസമയം പ്രതിഷേധം കനക്കുമ്പോഴും രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് തന്നെയാണ് രജനികാന്ത്.

നേരത്തെ രജനി തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ചെന്നൈയിലെ വസതിയ്ക്കു മുന്നില്‍ ആരാധകര്‍ കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. അതേ വേദിയില്‍ ആരാധകരിലൊരാള്‍ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് ചെന്നൈ അതിര്‍ത്തിയിലുള്ള ഫാം ഹൗസിലേക്ക് താമസം മാറ്റിയിരിക്കുകയാണ് രജനീകാന്ത്.

രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു മുന്നോടിയായി രജനി മക്കള്‍ മണ്‍ട്രം ഭാരവാഹികള്‍ ബൂത്ത് തലത്തില്‍ പ്രചാരണം ആരംഭിച്ചിരുന്നു. മധുരയില്‍ ഉള്‍പ്പെടെ പാര്‍ട്ടി പ്രഖ്യാപനത്തിനുള്ള വേദി പോലും തയ്യാറാക്കിയിരുന്നു. ഇതിനിടയിലാണ് ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി രജനി തീരുമാനത്തില്‍ നിന്നും പിന്മാറിയത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

Top