രജനികാന്ത് പുതിയ ഗെറ്റപ്പില്‍; ‘തലൈവര്‍ 170’ തിരുവനന്തപുരത്ത് ആരംഭിച്ചു

യിലറിന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൌതുകമുണര്‍ത്തുന്ന താരനിരയാണ് അണിനിരക്കുന്നത്. ജയിലറില്‍ വിനായകനും മോഹന്‍ലാലും അടക്കം മലയാളത്തില്‍ നിന്ന് സാന്നിധ്യമായിരുന്നുവെങ്കില്‍ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യരും ഫഹദ് ഫാസിലുമുണ്ട്. അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, റിതിക സിംഗ്, ദുഷറ വിജയന്‍ തുടങ്ങി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള കാസ്റ്റിംഗ് ആണ് ചിത്രത്തിന്റേത്.

ഓരോ ചിത്രത്തിലും വേറിട്ട ഗെറ്റപ്പുകളില്‍ എത്താറുള്ള രജനി പുതിയ ചിത്രത്തില്‍ എത്തുന്നതും അത്തരത്തിലാണ്. ജയിലറില്‍ ഏറെക്കുറെ നര കയറിയ മുടിയും താടിയും ആയിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ മുടിയും മേല്‍മീശയും കറുപ്പാണ്. വ്യത്യാസമുള്ള ഹെയര്‍സ്റ്റൈലുമാണ്. തുടക്കമിടുന്ന ഇന്ന് രാവിലെ പുറത്തുവിട്ട പോസ്റ്ററിലെ ഗെറ്റപ്പില്‍ തന്നെയാണ് പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളിലും രജനി.

തിരുവനന്തപുരത്ത് ശംഖുമുഖവും വെള്ളായണി കാര്‍ഷിക കോളെജും ചിത്രത്തിന്റെ ലൊക്കേഷന്‍ ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ജയിലറിലെ അനിരുദ്ധിന്‍റെ വര്‍ക്ക് ഏറെ കൈയടി നേടിയിരുന്നു. 32 വര്‍ഷത്തിന് ശേഷമാണ് രജനി- അമിതാഭ് ബച്ചന്‍ കോമ്പോ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

1991 ല്‍ പുറത്തെത്തിയ ഹം എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ചത്. മുകുള്‍ എസ് അനന്ദിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണിത്. ആക്ഷന്‍ ക്രൈം വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഗോവിന്ദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോളിവുഡില്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായിരുന്നു ഹം. 16.8 കോടിയാണ് ചിത്രം നേടിയ ലൈഫ് ടൈം കളക്ഷന്‍.

Top