ചെന്നൈ: എംജിആര്‍ ഭരണത്തിന് സമാനമായ ഭരണം കൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കി രജനി തമിഴ്‌നാട്ടില്‍ തന്റെ ചുവടുറപ്പിക്കുന്നു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുളള ആദ്യ പൊതുപരിപാടിയില്‍, എംജിആറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.
തമിഴ്‌നാടിന് ഒരു നേതാവ് വേണം, അതിനാണ് ഞാന്‍ വരുന്നത്. തമിഴ്‌നാട്ടില്‍ എംജിആര്‍ ഭരണത്തിന് സമാനമായ ഒരു ഭരണം ആണ് വേണ്ടതെന്നും താരം പറഞ്ഞു. ഡിസംബറില്‍ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് രജനീകാന്ത് ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നത്.
തമിഴ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഒരു ശൂന്യത ഉണ്ട്. രാഷ്ട്രീയക്കാര്‍ അവരുടെ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ പരാജയപ്പെടുകയാണ്. ആത്മീയ രാഷ്ട്രീയം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പലരും ചോദിച്ചു എന്താണ് അതെന്ന്. എന്നാല്‍ വരും ദിവസങ്ങളില്‍ അത് എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമാകുമെന്നും രജനി പറഞ്ഞു.
അതേസമയം തമിഴ്‌നാട്ടില്‍ ജയലളിതയും കരുണാനിധിയുയും ഇല്ലാത്തതിനാലാണ് താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നും നല്ല ഭരണം കാഴ്ചവെക്കാന്‍ തനിക്ക് കഴിയുമെന്നും രജനി പറഞ്ഞു.