ചെന്നൈ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. ക്ഷേത്രത്തിന്റെ കാര്യത്തില്‍ കോടതി ഇടപെടേണ്ടെന്നും അതൊരു സെന്‍സിറ്റീവ് വിഷയം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ സുപ്രീം കോടതിയെ ബഹുമാനിക്കുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ വിധി പറയുമ്പോള്‍ അത് കുറച്ചു കൂടി കരുതലോടെ വേണമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യത വേണമെന്നതില്‍ തനിക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ക്ഷേത്രാചാരങ്ങളിലും,അനുഷ്ഠാനങ്ങളിലും പുറത്ത് നിന്നൊരു ഇടപെടല്‍ ഉണ്ടാകരുത്. കാരണം വര്‍ഷങ്ങളായി പാലിക്കുന്ന ആചാരങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ഭക്തരുടെ വികാരത്തെ മുറിവേല്‍പ്പിക്കരുത്. ശബരിമല വളരെ പഴക്കം ചെന്ന ഒരു ക്ഷേത്രമാണ്. അവിടെ നിലനില്‍ക്കുന്നത് പരമ്പരാഗതമായ ആചാരങ്ങളാണ്. അത് അങ്ങനെ തന്നെ നിലനില്‍ക്കുന്നതാണ് നല്ലതെന്നും രജനി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ ഭക്തര്‍ക്ക് പിന്തുണയുമായി നേരത്തെയും രജനികാന്ത് രംഗത്തെത്തിയിരുന്നു.