രാഷ്ട്രീയത്തിലേക്കില്ല; ആരാധകര്‍ വീണ്ടും വേദനിപ്പിക്കരുതെന്ന് രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണമെന്ന ആവശ്യവുമായി സമരം നടത്തുന്ന ആരാധകരോട് അഭ്യര്‍ഥനയുമായി നടന്‍ രജനീകാന്ത് രംഗത്ത്. ‘രാഷ്ട്രീയത്തില്‍ വരുന്നതിലുള്ള എന്റെ പ്രയാസത്തെ കുറിച്ച് ഞാന്‍ നേരത്തേ വിശദീകരിച്ചതാണ്. തീരുമാനം അറിയിച്ചതാണ്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്.’ രജിനീകാന്ത് പ്രസ്താവനയില്‍ പറഞ്ഞു.

വളരെ അച്ചടക്കത്തോടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്. ശക്തമായി സമ്മര്‍ദം ചെലുത്തിയാല്‍ രജനി മനസ്സുമാറ്റുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. രജനി മക്കള്‍ മന്‍ട്രത്തിന്റെ തഞ്ചാവൂര്‍, രാമനാഥപുരം തുടങ്ങിയിടങ്ങളിലെ ജില്ലാനേതാക്കള്‍ സമരത്തെ പിന്തുണച്ചിട്ടുണ്ട്. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം യാഥാര്‍ഥ്യമാക്കുന്നതിനായി രാമനാഥപുരത്ത് മന്‍ട്രം നേതാക്കള്‍ പ്രത്യേക വഴിപാട് നടത്തി. ഇത്തരത്തില്‍ പലയിടങ്ങളിലും പൂജകള്‍ നടക്കുന്നുണ്ട്.

Top