ന്യൂഡല്‍ഹി: ബി.ബി.സിയെ പോലും ഞെട്ടിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീ കാന്തിന്റെ കബാലി. ഓഫീസുകള്‍ക്ക് പോലും അവധി നല്‍കി കബാലി കാണാന്‍ ജീവനക്കാര്‍ക്ക് കമ്പനികള്‍ അവസരമൊരുക്കുന്നതും, സിനിമ കാണാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്തുന്നുമെല്ലാം ആശ്ചര്യത്തോടെയാണ് ലോകമാധ്യമങ്ങളും ബോളിവുഡും പോലും നോക്കി കാണുന്നത്.
ഏഷ്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള സൂപ്പര്‍ സ്റ്റാറാണ് രജനീകാന്തെന്നാണ് ബിബിസി ന്യൂസ് വിശേഷിപ്പിക്കുന്നത്. ചെന്നൈയിലെയും ബാംഗ്ലൂരിലെയും കമ്പനികള്‍ ജീവനക്കാര്‍ക്ക് കബാലി കാണാന്‍ അവധി നല്‍കിയതും അവര്‍ വാര്‍ത്തയാക്കി. ലോകത്താകമാനം 5000 കേന്ദ്രങ്ങളിലാണ് കബാലി റിലീസ് ചെയ്തത്. അമേരിക്കയില്‍ മാത്രം 400 കേന്ദ്രങ്ങളില്‍ കബാലി പ്രദര്‍ശിപ്പിച്ചു. ഇന്ത്യയിലെ പ്രാദേശിക ഭാഷയായ തമിഴിലെ സൂപ്പര്‍ സ്റ്റാറിന്റെ സിനിമക്കുള്ള പ്രതികരണം ഹോളിവുഡിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.
ബോളിവുഡ് സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ തുടങ്ങിയവരുടെയെല്ലാം താരസിംഹാസനങ്ങള്‍ക്കും മേലെയാണ് രജനീകാന്തെന്നു തെളിയിച്ചിരിക്കുകയാണ് കബാലി.
സാധാരണ ബസ് കണ്ടക്ടറായി ജീവിതം തുടങ്ങിയ രജനീകാന്തിനെ തമിഴകം നെഞ്ചേറ്റുകയായിരുന്നു. സിനിമയില്‍ മാത്രം അഭിനയിക്കുന്ന രജനീകാന്ത് മേക്കപ്പില്ലാതെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറ്. രജനീ മണ്‍ട്രങ്ങളിലൂടെ സന്നദ്ധ സേവനരംഗത്തും സൂപ്പര്‍സ്റ്റാറാണ് രജനി.
കബാലി റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ സംഗീതം, സാറ്റലൈറ്റ് റൈറ്റ് എന്നിവ വഴി 200 കോടി രൂപ നേടിയിരുന്നു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് കണക്ക്. കബാലി 500 കോടിയിലേറെ കളക്ട് ചെയ്യുമെന്നാണ് നിര്‍മ്മാതാവ് തനു പറയുന്നത്. ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയുടെ റെക്കാര്‍ഡ് ഇപ്പോഴേ കബാലി തിരുത്തിക്കുറിച്ചു തുടങ്ങി.
ബജറ്റ് എയര്‍ലൈന്‍ സര്‍വീസായ എയര്‍ ഏഷ്യ കബാലി കാണാന്‍ ബാംഗ്ലൂരില്‍ നിന്നും 180 രജനീകാന്ത് ആരാധകരുമായി ചെന്നൈയിലേക്ക് പ്രത്യേക വിമാന സര്‍വീസും നടത്തി. കേരളത്തില്‍ 300ലേറെ തിയേറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. കബാലിയുടെ ട്രെയിലര്‍ യുട്യൂബിലും തരംഗമായിരുന്നു.
അതേസമയം കബാലിക്ക് കിട്ടിയ ഈ മികച്ച ഓപ്പണിങ് ഉപയോഗപ്പെടുത്താന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ചിത്രം കണ്ട് പുറത്തിറങ്ങിയ പ്രേക്ഷകര്‍ക്കിടയിലെ അഭിപ്രായം. ‘നെരിപ്പ്’ പ്രതീക്ഷിച്ച് അകത്ത് കയറിയവര്‍ നനഞ്ഞ പടക്കമായി തിരിച്ചിറങ്ങുന്ന കാഴ്ചയാണ് മിക്കയിടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.