വേലക്കാരിയെ ഇരുത്തിയില്ല, രജനിക്ക് തിരിച്ചടിയായി തമിഴകത്ത് പ്രതിഷേധാഗ്നി !

ജനീകാന്ത് മുഖ്യമന്ത്രി ആയാല്‍ തമിഴകത്തിന്റെ അവസ്ഥ എന്താകും ? വളരെ ദയനീയമാകാനാണ് സാധ്യതയെന്നാണ് ഇപ്പോഴത്തെ ചര്‍ച്ച.

രജനിയുടെ ഏറ്റവും പുതിയ സിനിമ 2.0 രജനി കുടുംബത്തിനൊപ്പം സത്യം തിയറ്ററില്‍ വീട്ടുജോലിക്കാരി നിന്നു കൊണ്ടാണ് കണ്ടിരുന്നത്. ഇതാണ് രജനിക്കിപ്പോള്‍ തിരിച്ചടി ആയിരിക്കുന്നത്. വീട്ടുജോലിക്കാരി രജനിക്കും ഭാര്യ ലതക്കും ഒപ്പം പിന്നില്‍ നിന്ന് സിനിമ കഴിയും വരെ നിന്നു കണ്ട ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

തിയറ്ററില്‍ തൊട്ടടുത്ത സീറ്റുകള്‍ കാലിയായി കിടന്നിരുന്നിട്ടും വേലക്കാരിയെ ഇരിക്കാന്‍ അനുവദിക്കാത്തതാണ് വിവാദത്തിനു കാരണം. കടുത്ത മനുഷ്യാവകാശ ലംഘനമാണ് രജനീകാന്തിന്റെ അടുത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വിമര്‍ശനം.

ഇയാള്‍ മുഖ്യമന്ത്രി ആയാല്‍ തമിഴകത്തിലെ സാധാരണക്കാരുടെ സ്ഥിതി എന്താകും എന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ജയലളിതയുടെയും കരുണാനിധിയുടെയും മരണ ശേഷം തമിഴകം നയിക്കാന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പ്രചരണത്തിന്റെ മുനയാണ് ഈ ഒറ്റ സംഭവത്തോടെ ഒടിഞ്ഞിരിക്കുന്നത്.

രജനിയുടെ എതിരാളികളായ ഭരണ പ്രതിപക്ഷ പാര്‍ട്ടികളും ഈ സംഭവം വ്യാപകമായി മത്സരിച്ച് പ്രചരിപ്പിച്ചു വരികയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തി രംഗത്ത് വരാനായിരുന്നു രജനി പദ്ധതി തയ്യാറാക്കിയിരുന്നത്.

ഇപ്പാഴത്തെ സാഹചര്യത്തില്‍ ഇനി രജനിയെ തമിഴകം പിന്തുണക്കുമോ എന്ന കാര്യം കണ്ടറിയേണ്ടതു തന്നെയാണ്.

സിനിമയില്‍ പാവങ്ങള്‍ക്കു വേണ്ടി പോരാടുന്ന സൂപ്പര്‍ സ്റ്റാറിന്റെ യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത് എന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപം.

39 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന തമിഴ്‌നാട് കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന പ്രധാന സംസ്ഥാനം കൂടിയാണ്. നിലവില്‍ ലോകസഭയില്‍ ഏറ്റവും വലിയ മൂന്നാം കക്ഷി കൂടിയാണ് എഐഡിഎംകെ.

ഭരണപക്ഷമായ എ.ഐ.ഡി.എം.കെക്കും മുഖ്യ പ്രതിപക്ഷമായ ഡി.എം.കെക്കും പ്രധാന വെല്ലുവിളി ഉയര്‍ത്തിയതും രജനീകാന്തായിരുന്നു. വീട്ടു വേലക്കാരിയെ വിവേചനം കൂടാതെ കാണാന്‍ സാധിക്കാത്ത രജനീകാന്തിന്റെ നടപടി അദ്ദേഹത്തിന്റെ ആരാധകരെയും ഞെട്ടിച്ചിട്ടുണ്ട്.

മുന്‍പ് തൂത്തുക്കുടി വെടി വയ്പിനെ ന്യായീകരിച്ച് രംഗത്ത് വന്നതും രജനിക്കെതിരെ പ്രതിഷേധത്തിന് കാരണമായിരുന്നു.

Top