വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സിലിടം നേടിയ താരമാണ് രജീഷ. ജൂണ്‍ എന്ന സിനിമയ്ക്കു വേണ്ടി താരം നടത്തിയ മേക്കോവറില്‍ തന്നെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി താരം എന്ത് വെല്ലുവിളിയും ഏറ്റെടുക്കുമെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ജൂണിനു വേണ്ടിയെടുത്ത മുന്നൊരുക്കങ്ങളെക്കാള്‍ ഇരട്ടിയിലധികം കഷ്ടപാട് സഹിച്ചാണ് ഫൈനല്‍സ് ഒരുങ്ങുന്നത്.
മുന്‍പില്ലാത്ത തരത്തില്‍ ശാരീരികമായ തയ്യാറെടുപ്പുകളാണ് ഫൈനല്‍സിനായി രജീഷ സ്വീകരിച്ചത്. നേരത്തെ ജൂണിനായി പല്ലില്‍ ക്ലിപ്പിടുകയും നീണ്ട മുടി മുറിക്കുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും ശാരീരികമായ തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. അതിനേക്കാളും ഇരട്ടി അധ്വാനം നടത്തിയാണ് താന്‍ ഫൈനല്‍സിനെ ആലീസിനെ അവതരിപ്പിച്ചതെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
സൈക്കിള്‍ ബാലന്‍സ് പോലുമില്ലാത്ത താന്‍ എങ്ങനെയാണ് ഒരു സൈക്ലിസ്റ്റിനെ ക്യാമറയ്ക്കു മുന്നില്‍ അവതരിപ്പിക്കുകയെന്ന് ആശങ്കപ്പെട്ടിരുന്നുവെന്നും സംവിധായകന്റെ പിന്‍തുണയുണ്ടായിരുന്നതിനാല്‍ സൈക്ലിങ് പിന്നീട് പഠിച്ചെടുത്തു.
ചിത്രീകരണത്തിനിടയില്‍ രണ്ട് തവണ അപകടത്തില്‍പ്പെട്ടെന്നും അതൊന്നും സിനിമയെ ബാധിക്കാത്ത തരത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞെന്നും രജീഷ പറയുന്നു. പെയ്ന്‍ കില്ലര്‍ കഴിച്ചാണ് വേദനയെ അതിജീവിച്ച് ചിത്രീകരണത്തിനെത്തിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.
രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി പി.ആര്‍. അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സ് ഓണം റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിലെ സൈക്ലിങ് മത്സരത്തില്‍ പങ്കെടുക്കുന്ന ഇടുക്കിക്കാരിയായ ആലീസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജീഷ അവതരിപ്പിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടും ഒരു സുപ്രധാനകഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. നിരഞ്ജ് മണിയന്‍പിള്ള, ടിനി ടോം, സോന നായര്‍ എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.