രാജിവ് ഗാന്ധി വധക്കേസ് ; പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസ്

manu-abhishek

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.ശിക്ഷാ കാലയളവിലെ നല്ലനടപ്പ് ഇത്രയും ഗുരുതരമായ കേസിൽ പരിഗണനാ വിഷയമാകുന്നതെങ്ങനെയെന്ന് മനു അഭിഷേക് സിംഗ്വി ചോദിച്ചു.മറ്റ് കേസുകളിലും നാളെ കോടതി ഇക്കാര്യങ്ങൾ മാനദണ്ഡമാക്കുമോ?രാജീവ് ഗാന്ധി വധക്കേസിലെ വിധി ഒരു തരത്തിലും അംഗീകരിക്കാനാകില്ല. തമിഴ്നാട് സർക്കാരിൻ്റെ നിലപാടായിരുന്നില്ല പരിഗണിക്കേണ്ടിയിരുന്നത്. സുപ്രീം കോടതി മാതൃകാപരമായ നിലപാട് ഉയർത്തി പിടിക്കണമായിരുന്നു. കോൺഗ്രസ് നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്.സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് നിയമപരമായി നേരിടും.ഗാന്ധി കുടുംബത്തിൻ്റെയും, തമിഴ്നാട് സർക്കാരിന്റെയും നിലപാടല്ല കോൺഗ്രസിന്റെതെന്നും അദ്ദേഹം പറഞ്ഞു.

മൂപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പെടേ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്‍റെ ഉത്തരവ് മറ്റുപ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നും കോടതി പറഞ്ഞു .പ്രതികള്‍ മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ട്. അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ കേസിന്റെ വാദത്തിനിടെ. കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. കേസിലെ ആറ് പ്രതികളില്‍ രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, മുരുകന്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്.

ജനാധിപത്യത്തിന്‍റെ ശബ്ദമാണ് സുപ്രീം കോടതി വിധിയെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ പ്രതികരണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ തീരുമാനങ്ങൾ നാമനിർദേശം ചെയ്യപ്പെട്ട പദവിയിലിരിക്കുന്നവർ മാനിക്കണം. നളിനിയടക്കം പ്രതികളെ മോചിപ്പിക്കാനുള്ള മുൻ സർക്കാരിന്‍റേയും നിലവിലെ സർക്കാരിന്‍റേയും ശുപാർശകളിൽ തീരുമാനമെടുക്കാതെ മുൻ ഗവർണർ ബൻവാരിലാൽ പുരോഹിതും നിലവിലെ ഗവർണർ ആർ.എൻ.രവിയും വച്ചുതാമസിപ്പിച്ചിരുന്നു. ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.

Top