രാജീവ് ഗാന്ധി വധക്കേസ് ; ജീവപര്യന്തം തടവില്‍ കഴിയുന്ന പേരറിവാളന്‍ പരോളിലിറങ്ങി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് 28 വര്‍ഷക്കാലമായി ജീവപര്യന്തം തടവില്‍ കഴിയുന്ന പേരറിവാളന്‍ പരോളിലിറങ്ങി. പിതാവ് കുയില്‍ദാസിന്റെ മോശമായ ആരോഗ്യനിലയും സഹോദരിപുത്രിയുടെ വിവാഹച്ചടങ്ങും കണക്കിലെടുത്താണ് പേരറിവാളിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്.

മാതാവ് അര്‍പ്പുതമ്മാളാണ് ഇതുമായി ബന്ധപ്പെട്ട് ജയിലധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നത്. ഇത് രണ്ടാം തവണയാണ് പേരറിവാളന് ഉപാധികളോടെ പരോള്‍ അനുവദിച്ചത്. 2017 ആഗസ്റ്റിലും പിതാവിന്റെ അസുഖംകാരണം ഒരു മാസത്തെ പരോളിലിറങ്ങിയിരുന്നു.

ചൊവ്വാഴ്ച ചെന്നൈ പുഴല്‍ ജയിലിലായിരുന്ന പേരറിവാളനെ വെല്ലൂര്‍ ജയിലിലേക്ക് കൊണ്ടുപോയി പരോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയശേഷം ജോലാര്‍പേട്ടയിലെ വസതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പരോള്‍ കാലയളവിലും പേരറിവാളന് കനത്ത പൊലീസ് സുരക്ഷ ഉണ്ടായിരിക്കും. ഈയിടെ കേസിലെ മറ്റൊരു പ്രതിയായ നളിനിക്കും മകളുടെ വിവാഹാവശ്യാര്‍ഥം 51 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു.

1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധിയും മറ്റ് 14 പേരും എല്‍ടിടിഇ മനുഷ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ശ്രീ പെരുംമ്പത്തൂരില്‍ വച്ചായിരുന്നു അപകടം. കേസില്‍ പേരറിവാളന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്.

Top