രാജീവ് ഗാന്ധി വധം: നളിനിയുടെ പരോള്‍ കാലാവധി നീട്ടി

ചെന്നെ: രാജീവ് ഗാന്ധി വധക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്റെ പരോള്‍ കാലാവധി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ഈ മാസം 25- ന് പരോള്‍ അവസാനിക്കാനിരിക്കേയാണ് പരോള്‍ കാലാവധി മദ്രാസ് ഹൈക്കോടതി നീട്ടി നല്‍കിയത്.

കഴിഞ്ഞമാസം 25-നാണ് മകള്‍ അരിത്രയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഒരു മാസത്തെ പരോള്‍ നളിനിക്ക് കോടതി അനുവദിച്ചത്. പരോള്‍ നീട്ടിക്കിട്ടാനുള്ള അപേക്ഷ ജയില്‍ ഡി.ഐ.ജി നിരസിച്ചതിനെ തുടര്‍ന്ന് നളിനി കോടതിയെ സമീപിക്കുകയായിരുന്നു.

മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21-ന് ചാവേര്‍ സ്ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി. കഴിഞ്ഞ 27 വര്‍ഷമായി തടവറയിലുള്ള നളിനി, ആറ് മാസത്തെ പരോളാണ് അപേക്ഷിച്ചത്. എന്നാല്‍ ഓര്‍ഡിനറി പരോള്‍ അനുവദിക്കുന്ന ഒരാള്‍ക്ക് കൂടിയത് ഒരു മാസത്തെ പരോള്‍ മാത്രമേ അനുവദിക്കാവു എന്ന പ്രോസിക്യൂഷന്റെ ഭാഗം കേട്ട കോടതി, ഒരു മാസമായി ചുരുക്കുകയായിരുന്നു.ഇതിന് ശേഷമാണ് ഇപ്പോള്‍ പരോള്‍ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.

നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000- ലാണ് തമിഴ്നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്.

Top