കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു

ഷില്ലോംഗ് : ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു. ശനിയാഴ്ച രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം ആറോടെയാണ് അവസാനിച്ചത്.

ഷില്ലോംഗിലെ സിബിഐ ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കൊല്‍ക്കത്തയില്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ അതേ ഉദ്യോഗസ്ഥനാണ് ഇന്നും ചോദ്യം ചെയ്തത്.

സുപ്രീംകോടതിയുടെ അനുമതിയോടെ ആയിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചതായാണ് വിവരം.

വെള്ളിയാഴ്ച രാത്രിയാണ് ചോദ്യം ചെയ്യലിനായി രാജീവ് കുമാര്‍ ഷില്ലോംഗില്‍ എത്തിയത്. മൂന്ന് ഐപിഎസ് ഓഫീസറും രാജീവ് കുമാറിന്റെ സഹോദരനും ഒപ്പമുണ്ടായി.

ചിട്ടി തട്ടിപ്പ് കേസ് കൊല്‍ക്കത്ത പൊലീസ് അന്വേഷിക്കവേ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കുന്നതായി തെളിവ് നശിപ്പിക്കുകയും സുപ്രധാന രേഖകള്‍ സിബിഐയ്ക്ക് കൈമാറാന്‍ വിസ്സമ്മതിക്കുകയും ചെയ്തുവെന്നാണ് രാജീവ് കുമാറിനെതിരായ ആരോപണം.2014ല്‍ ആണ് സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറിയത്.

നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ നടത്തിയ ശ്രമം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംസ്ഥാന പൊലീസും തടഞ്ഞത് വന്‍ സംഘര്‍ഷത്തിന് വഴിതെളിച്ചിരുന്നു. പിന്നീട് അവിടെ നിന്നു മടങ്ങിയ സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് രാജീവ് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉത്തരവായത്.

Top