തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഡ്വ. സി പി ഉദയഭാനുവിനെ പാലക്കാട് മുതലമടയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
മുതലമടയില്‍ 15 ഏക്കര്‍ സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടിലെ തര്‍ക്കമാണ് രാജീവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ സ്ഥലത്തിന് വേണ്ടി രാജീവിന് 50 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. ഇടനിലക്കാരനായ രാജീവ് മുഖാന്തിരമാണ് ഉദയഭാനു പണം നല്‍കിയത്. പിന്നീട് സ്ഥലമിടപാട് മുടങ്ങിയെങ്കിലും പണം തിരിച്ചുനല്‍കിയിരുന്നില്ല, ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സ്ഥലമിടപാടിനായി രണ്ടു തവണ മുതലമടയില്‍ വന്നിരുന്നതായും ഉദയഭാനു പൊലീസിനോട് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന്‍മാരായ ഡിവൈഎസ്പി പി ഷംസുദീന്‍, സിഐ എസ്പി സുധീരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.