ആര്‍ഡിഎക്സിന്റെ റീമേക്ക് റൈറ്റ്സിനായി രാജ്‍കമല്‍ ഇന്റര്‍നാഷണല്‍ രംഗത്തെന്ന് റിപ്പോർട്ട്

ര്‍ഡിഎക്സിനൊപ്പമായിരുന്നു അക്ഷരാര്‍ഥത്തില്‍ ഇത്തവണത്തെ ഓണാഘോഷം. ഓണം റിലീസുകളില്‍ മുന്നിലെത്തിയത് ആര്‍ഡിഎക്സായിരുന്നു. ഒരു ഉത്സവ സീസണില്‍ ആഘോഷമായ ചിത്രം അന്യ ഭാഷയിലും പേരു കേട്ടപ്പോള്‍ അന്നാട്ടിലെ താരങ്ങളും പ്രശംസകളുമായി എത്തി. ആര്‍ഡിഎക്സിന്റെ റീമേക്ക് റൈറ്റ്‍സ് സംബന്ധിച്ച വാര്‍ത്തകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ആര്‍ഡിഎക്സിന്റെ റീമേക്ക് റൈറ്റ്‍സ് സ്വന്തമാക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ മുൻനിരയില്‍ കമല്‍ഹാസന്റെ രാജ്‍കമല്‍ ഇന്റര്‍നാഷണല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റ് ക്രിസ്റ്റഫര്‍ കനകരാജാണ് ഇത് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. തമിഴ് റീമേക്കു ചെയ്യുമ്പോള്‍ ആരൊക്കെയാകും താരങ്ങള്‍ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകര്‍. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന പുതിയ ചിത്രം നിര്‍മിക്കുന്നത് രാജ്‍കമല്‍ ഇന്റര്‍നാഷണലാണ്.

മൂന്ന് കൂട്ടുകാരുടെ കഥയായിരുന്നു ആര്‍ഡിഎക്സ്. ഷെയ്‍ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും ആര്‍ഡിഎക്സില്‍ നായകൻമാരായ കൂട്ടുകാരായെത്തി. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ആദർശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയത്.

ആക്ഷനായിരുന്നു ആര്‍ഡിഎക്സിന്റെ പ്രത്യേകത. ‘കെജിഎഫ്’, ‘വിക്രം, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ‘ആര്‍ഡിഎക്സി’ന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‍തത്. ഓരോ നടനും അനുയോജ്യമായി രീതിയിലാണ് ചിത്രത്തില്‍ ആക്ഷൻ കൊറിയോഗ്രാഫി ചെയ്‍തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്‍മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി എന്നിവരും ആര്‍ഡിഎക്സില്‍ വേഷമിട്ടു സംവിധായകൻ നഹാസ് ഹിദായത്തെയും ആര്‍ഡിഎക്സ് സിനിമ കണ്ടവര്‍ അഭിനന്ദിച്ചിരുന്നു. അലക്‌സ് ജെ പുളിക്കൽ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. സാം സി എസാണ് സംഗീതം.

Top