പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. നിഷ്പക്ഷമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നടക്കുന്നത്. അതിന്റെ ഫലമായാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞിരുന്നില്ലെന്ന ഇടുക്കി എസ്പിയുടെ വാദം തന്നെ പൊളിഞ്ഞു കഴിഞ്ഞു. കേവലം സ്ഥലം മാറ്റം മാത്രമല്ല, സസ്‌പെന്റ് തന്നെ ചെയ്ത് ഇക്കാര്യത്തില്‍ എസ്പിയ്‌ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇത്തരം ഉദ്യോഗസ്ഥരാണ് സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കുന്നത്. വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ റൂറല്‍ എസ്.പി ആയിരുന്ന എ.വി ജോര്‍ജിനെ സസ്‌പെന്റ് ചെയ്ത നടപടി ഇടുക്കിയിലും ബാധകമാക്കണം.
സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി പീരുമേട്ടിലെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരവും അദ്ദേഹം അവശനാണ് എന്ന കാര്യവും സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം എസ്പിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ എസ്പി കെ.ബി വേണുഗോപാല്‍ ഈ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു. ഗുരുതരമായ തെറ്റാണിത്. ഒരു എസ്പിയുടെ കീഴിലാണ് ആ ജില്ലയിലെ പൊലീസ് ഭരണം നടക്കുന്നത്. ഫലപ്രദമായി എസ്പി ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു എങ്കില്‍ ഒരിക്കലും രാജ് കുമാറിന്റെ മരണം സംഭവിക്കുമായിരുന്നില്ല.
എത്ര വലിയ കുറ്റവാളി ആയാലും അവരെ തല്ലിക്കൊല്ലാനുള്ള ലൈസന്‍സ് ഒരു സര്‍ക്കാറും പൊലീസിന് നല്‍കിയിട്ടില്ല. നിയമപരമായ നടപടികളിലൂടെയാണ് നീതി നടപ്പാക്കേണ്ടത്. അതിനാണ് ഇവിടെ കോടതി ഉള്ളത്. കീഴുദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനാണ് എസ്പിയുടെ ശ്രമമെങ്കില്‍ അത് എന്തായാലും നടപ്പില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനിലാണ് രാജ്കുമാറിന്റെ കുടുംബം പ്രതീക്ഷയര്‍പ്പിക്കുന്നത്. കുറ്റവാളികള്‍ ആരൊക്കെയായാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് നിയമസഭയില്‍ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാറിനെ അടിക്കാനുള്ള ഒരു വടിയായി ഈ ലോക്കപ്പ് മരണത്തെ മാറ്റാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നിലപാടും ശരിയായതല്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് സംവിധാനം മൊത്തം തകരാറാണ് എന്ന് പറയുന്നതിനോട് എന്തായാലും യോജിക്കാന്‍ കഴിയില്ല. എത്രയോ മിടുക്കന്‍മാരായ ഉദ്യോഗസ്ഥര്‍ കേരള പൊലീസിലുണ്ട്. അതേസമയം ക്രിമിനല്‍ സ്വഭാവമുള്ളവരും ഉണ്ട്. അവര്‍ അത്തരം സ്വഭാവങ്ങള്‍ പുറത്തെടുക്കുമ്പോഴാണ് നടപടി സ്വീകരിക്കാന്‍ കഴിയുക. അതല്ലാതെ ഭൂതക്കണ്ണാടി വച്ച് അവര്‍ ഇന്ന കാര്യം ചെയ്യും എന്ന് മുന്‍കൂട്ടി കണ്ടെത്താനുള്ള യന്ത്രമൊന്നും സര്‍ക്കാറിന്റെ പക്കല്‍ ഇല്ല.
ഇതിനകം തന്നെ കൃത്യത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു കഴിഞ്ഞു. എസ്പി അടക്കമുള്ളവര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന. സ്ഥലമാറ്റത്തില്‍ മാത്രം ആ നടപടി ഒതുങ്ങില്ല എന്ന് രാജ്കുമാറിന്റെ ബന്ധുക്കള്‍ക്കും ആശ്വസിക്കാം. കാരണം ഇക്കാര്യത്തില്‍ ആരെയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ടാകില്ല.
എസ്പിക്കും ഡിവൈഎസ്പിക്കും പറ്റിയ വീഴ്ചയാണ് രാജ്കുമാറിന്റെ മരണത്തിന് ഇടയാക്കിയത്. പൊലീസിനെ നിയന്ത്രിക്കുന്നതിലും ഫലപ്രദമായി ഇടപെടുന്നതിലും ഈ രണ്ട് ഉദ്യാഗസ്ഥര്‍ക്കും ഗുരുതരമായ വീഴ്ച തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് വ്യാജരേഖ ഉണ്ടാക്കിയെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും അതീവ ഗൗരവകരമാണ്. ജൂണ്‍ 12ന് പിടിച്ചു കൊണ്ടുവന്ന പ്രതിയെ 16 വരെ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചിട്ടും ജില്ലാ പൊലീസ് മേധാവി അത് അറിഞ്ഞില്ലെന്ന് വാദിക്കുന്നതു തന്നെ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നതിനു തെളിവാണ്.
രാജ്കുമാറിനെ ദേഹോപദ്രവും ഏല്‍പ്പിച്ചെന്ന പരാതി ഉണ്ടായിട്ടും അന്വേഷണം നടത്താത്ത ഡിവൈഎസ്പിയും കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. സ്റ്റേഷന്‍ ഓഫീസര്‍ക്ക് പറ്റിയ വീഴ്ച തിരുത്തേണ്ട ബാധ്യത ഡിവൈഎസ്പിക്ക് ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വ്യാജരേഖ ഉണ്ടാക്കാനാണ് കൂട്ട് നിന്നത്. ഇക്കാര്യത്തില്‍ എസ്പിയുടെ റോള്‍ എന്തായിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങളും പുറത്ത് വരേണ്ടതുണ്ട്. അതിന് ടെലിഫോണ്‍ രേഖകള്‍ അടക്കം അന്വേഷണ സംഘം പരിശോധിക്കണം.
ഒരു പ്രതിയെ കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണമെന്ന നിയമം പൊലീസ് തന്നെയാണ് ഇവിടെ അട്ടിമറിച്ചത്. കൂട്ടുപ്രതികളെ വിട്ടയച്ച് രാജ്കുമാറിനെ മാത്രം കസ്റ്റഡിയില്‍ വച്ചത് ഇടപാടുകാരുമായി വിലപേശല്‍ നടത്താനാണ് എന്ന് വ്യക്തമായി കഴിഞ്ഞു. ഇതില്‍ സീനിയര്‍ ഓഫീസര്‍മാര്‍ക്കുള്ള പങ്കാണ് ഇനി പുറത്ത് വരേണ്ടത് ഒപ്പം നടപടിയും.
Staff Reporter