ബ്രിട്ടീഷ് രീതി തുടരുന്ന പൊലീസുകാരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെന്ന് മന്ത്രി എ കെ ബാലന്‍

ak balan

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. ബ്രിട്ടീഷ് രീതി തുടരുന്ന പൊലീസുകാരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസുകാരെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതാണെന്നും പ്രതി മരിച്ചത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചിലരില്‍ നിന്ന് ഇപ്പോഴും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നു. ഇങ്ങനെയുള്ളവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുന്നുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്കുമാറിനെ പാലീസ് ഉരുട്ടലിന് വിധേയനാക്കിയെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തുടയിലും കാല്‍വെള്ളയിലും മുറിവുകളും ചതവുകളും അടക്കം 22 പരുക്കുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

22 പരിക്കുകളില്‍ 15 എണ്ണം മുറിവുകളാണ് ബാക്കിയുള്ളവ ചതവുകളും. തുടമുതല്‍ കാല്‍പാദം വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ നാല് വലിയ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടയില്‍ ആഴത്തിലുള്ള ഏഴ് ചതവുണ്ട്. നാല് വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. ഒരുപക്ഷെ ജീവന്‍നല്‍കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചതാവാം വാരിയല്‍ പൊട്ടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയന്നു.

രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയും ശരീരത്തിലെ മുറിവുകളുമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. നെഞ്ചില്‍ ഏറ്റ ക്ഷതമാണ് ന്യൂമോണിയിലേക്ക് നയിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Top