ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ മദ്യനയം സുപ്രീം കോടതി അംഗീകരിച്ച പശ്ചാത്തലത്തില്‍ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനം പുനര്‍വിചിന്തനം നടത്തണമെന്ന് ബാര്‍ ഉടമ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ആവശ്യപ്പെട്ടു.
അഭിഭാഷകരുമായി ആലോചിച്ച് പുനഃപരിശോധന ഹര്‍ജി നല്‍കാനാവുമോ എന്ന് പരിശോധിക്കും. അപൂര്‍വ്വം കേസുകളില്‍ മാത്രമാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാറുള്ളത്.
കോടതിക്ക് വെക്കേഷന്‍ സമയമായതിനാല്‍ മുതിര്‍ന്ന് അഭിഭാഷകര്‍ അവധിയിലാണ്. അഭിഭാഷകരുമായി ആലോചിച്ച് നിയമനടപടികള്‍ ആലോചിക്കും. ഒരു വര്‍ഷത്തേക്കാണ് സര്‍ക്കാരിന്റെ നയം. അതുകൊണ്ടുതന്നെ, സര്‍ക്കാരിന് അതു മാറ്റാനുള്ള അവകാശവുമുണ്ട്.
മുന്‍കാലങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയും പിന്‍വലിച്ചും ചരിത്രമുണ്ട്. സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു.