തിരുവനന്തപുരം: ആണത്തവും പൗരുഷവുമുണ്ടെങ്കില്‍ വെള്ളാപ്പള്ളിയെപ്പറ്റി പറഞ്ഞതൊന്നും പിണറായി മാറ്റിപ്പറയരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
കോഴിക്കോട് മാന്‍ഹോളില്‍ വീണ് നൗഷാദ് മരിച്ചപ്പോള്‍ പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനെ ‘മതഭ്രാന്തന്‍’ എന്നാണ് വിളിച്ചതെന്നും ഇപ്പോള്‍ അങ്ങേരുടെ ഭ്രാന്ത് മാറിയോ എന്നും ഉണ്ണിത്താന്‍ ചോദിച്ചു.
പിണറായി വിജയന്‍ എഴുതിയ പുസ്തകത്തില്‍ വെള്ളാപ്പള്ളി നടേശനെ ‘ജാതിക്കോമരം’ എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോള്‍ വെള്ളാപ്പള്ളി ജാതിക്കോമരം അല്ലേയെന്നും അദ്ദേഹം പരിഹസിച്ചു.
എസ്എന്‍ഡിപിയോഗം ഒരു ചന്ദനമരം ആണെന്നും അതില്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന വിഷപ്പാമ്പാണ് വെള്ളാപ്പള്ളിയെന്നും സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ചപ്പോള്‍ അതിനെ പിന്തുണച്ചയാളാണ് പിണറായി വിജയന്‍. ഇപ്പോള്‍ വെള്ളാപ്പള്ളി വിഷപ്പാമ്പല്ലാതെ ആയോയെന്നും ഉണ്ണിത്താന്‍ ചോദിച്ചു.
എന്‍എസ്എസിനെ പിണറായി കൊണ്ടുനടക്കുമ്പോള്‍ വളരെ നല്ലതാണെന്നും അവര്‍ പിണറായിയെ തള്ളിപ്പറയുമ്പോള്‍ മോശക്കാരാകുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.