പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ഗാന്ധി ഉയര്‍ത്തിയ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മുദ്രാവാക്യം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ തിരിഞ്ഞുകുത്തുന്നു. തെരഞ്ഞെടുപ്പ് ഫണ്ടുകളും രക്തസാക്ഷി ഫണ്ടുകളും വെട്ടിച്ച് കോണ്‍ഗ്രസ് ചോര്‍ഹെ എന്ന് സ്വന്തം പാര്‍ട്ടിക്കാരെക്കൊണ്ടുപോലും വിളിപ്പിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം.
കാസര്‍കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ടു ലക്ഷം രൂപ കൊല്ലത്തെ കോണ്‍ഗ്രസ് നേതാവ് പ്രഥ്വിരാജ് മോഷ്ടിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി കഴിഞ്ഞു. ഇത് തെളിയിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ വെല്ലുവിളിച്ച് പ്രിഥ്വീരാജും രംഗത്തെത്തിയിട്ടുണ്ട്.
കാസര്‍കോട് എസ്.പിക്ക് ഉണ്ണിത്താന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മേല്‍പ്പറമ്പത്ത് വീട് വാടകക്കെടുത്തായിരുന്നു ഉണ്ണിത്താന്റെ താമസം. ഈ വീട്ടില്‍ നിന്നാണ് പണം നഷ്ടമായത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊല്ലത്തു നിന്നുമെത്തിയ നേതാവ് പണം തട്ടിയെന്ന പരാതിയാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു തന്നെ തലവേദനയായിരിക്കുന്നത്.
എന്നാല്‍ താന്‍ പണം തട്ടിയെടുത്തിട്ടില്ലെന്നും കടമായി വാങ്ങി നല്‍കിയ പണം പോലും ഉണ്ണിത്തന്‍ നല്‍കിയിട്ടില്ലെന്നുമാണ് പ്രിഥ്വിരാജിന്റെ വാദം. ആര് പറയുന്നതാണ് ശരിയെന്നറിയാതെ അന്തംവിട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍പ് വടകരയില്‍ മത്സരിക്കുമ്പോള്‍ എ.ഐ.സി.സി ഡല്‍ഹിയില്‍ നിന്നും അയച്ച 50 ലക്ഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് മുക്കിയതായി പരാതി ഉയര്‍ന്നിരുന്നു. ട്രെയിനില്‍ ഉറങ്ങിപ്പോയപ്പോള്‍ പണമടങ്ങിയ പെട്ടി മോഷണം പോയെന്ന് പറഞ്ഞ് യൂത്ത് നേതാവ് കൈമലര്‍ത്തി. കണക്കില്‍ കാണിക്കാന്‍ കഴിയാത്ത പണമായതിനാല്‍ കേസും വയ്യാവേലിക്കുമൊന്നും കോണ്‍ഗ്രസ് നേതൃത്വം പോയതുമില്ല.
കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിനായി പിരിച്ച 16 ലക്ഷം എവിടെ എന്ന ചോദ്യമാണ് കോഴിക്കോട് ഡി.സി.സി നേതൃത്വത്തിനെതിരെ ഉയരുന്ന ചോദ്യം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട് മൂന്നു മാസം കഴിഞ്ഞിട്ടും പിരിച്ചെടുത്ത 16 ലക്ഷം കൈമാറാത്തതെന്തെന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ വിയര്‍ക്കുകയാണ് ഡി.സി.സി നേതൃത്വം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുത്ത യോഗത്തില്‍ തന്നെയാണ് പ്രവര്‍ത്തകര്‍ രക്തസാക്ഷി ഫണ്ട് നല്‍കാത്തത് പരാതിയായി ഉന്നയിച്ചത്.
മുഴുവന്‍ മണ്ഡലങ്ങളും ഫണ്ട് കൈമാറിയിട്ടില്ലെന്നും പണം ഉടന്‍ കൈമാറുമെന്നും ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് വിശദീകരിച്ചെങ്കിലും അത് നേതൃത്വത്തിനും അണികള്‍ക്കും വിശ്വസനീയമായിട്ടില്ല. ഉടന്‍ ഫണ്ട് കൈമാറണമെന്ന നിര്‍ദ്ദേശമാണ് കെ.പി.സി.സി പ്രസിഡന്റ് ഡി.സി.സി പ്രസിഡന്റിന് നല്‍കിയിട്ടുള്ളത്. ഫണ്ട് വെട്ടിപ്പില്‍ മുന്‍കാലങ്ങളില്‍ തന്നെ കഴിവുതെളിയിച്ചവരാണ് കോഴിക്കോട് ഡി.സി.സി നേതൃത്വം. കേസില്‍പ്പെട്ട കോഴിക്കോട് ഡി.സി.സി ഓഫീസ് പണം നല്‍കി തിരിച്ചുപിടിക്കാനായി സ്വീകരിച്ച ഫണ്ടിലും വ്യാപക വെട്ടിപ്പു നടന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
കെ.സി അബു ഡി.സി.സി പ്രസിഡന്റായിരിക്കെ ഡി.സി.സി ഓഫീസില്‍ ഫണ്ടു കൈമാറ്റ ചടങ്ങ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് അരലക്ഷം രൂപ ആരോ അടിച്ചെടുത്തത്. ഇതുവരെ ആതാരാണെന്ന് കണ്ടെത്താന്‍ കോഴിക്കോട് ഡി.സി.സിക്ക് കഴിഞ്ഞിട്ടില്ല.
തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച പരാതി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിച്ച വയനാട്ടില്‍ നിന്നു പോലും ഉയരുന്നുണ്ട്. മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഫണ്ട് യഥാക്രമം വിനിയോഗിച്ചില്ലെന്നും കെ.പി.സി.സിയിലെ ചിലരും ഡി.സി.സിയിലെ പ്രമുഖരും ചേര്‍ന്ന് വെട്ടിച്ചതായാണ് ആരോപണം. നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ വകയായും വെട്ടിപ്പു നടന്നതായി ഇവിടെ പരാതിയുണ്ട്.
മുക്കത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും വെട്ടിപ്പുനടന്നതായുള്ള പരാതി എ.ഐ.സി.സി നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. അനൗണ്‍സര്‍മാരുടെ വേതനത്തിലും വാഹനവാടകയിലും ഡീസല്‍വകയിലും വരെ വെട്ടിപ്പു നടന്നതായാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പരാതി. കടുത്ത മത്സരം നടന്ന തിരുവനന്തപുരത്ത് വന്‍തോതിലാണ് ഫണ്ടു വെട്ടിപ്പു നടന്നിരുന്നത്.
വോട്ടുമറിക്കാനായി കോണ്‍ഗ്രസ് നേതാക്കളില്‍ പലരും വാങ്ങിയ പണമെല്ലാം സ്വന്തം പോക്കറ്റിലേക്കാണ് പോയത്. അപകടം മണത്ത ശശി തരൂര്‍ എ.ഐ.സി.സിക്ക് പരാതി നല്‍കുകയും ഒടുവില്‍ പണം വിതരണത്തിന് ഇവന്റ് മാനേജ്‌മെന്റ് സംഘത്തെ തന്നെ ഏല്‍പ്പിക്കുകയുമായിരുന്നു.
ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും എ.ഐ.സി.സി നേതൃത്വം നല്‍കിയ പണം ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു കഴിഞ്ഞു. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയായ വി.കെ ശ്രീകണ്ഠന്‍ ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ നേരിട്ടറിയിച്ചിരുന്നു. കെ.പി.സി.സി നേതൃത്വം വഴിയെത്തിയ ഫണ്ടാണ് പലയിടത്തും തട്ടിയെടുത്തത്. ഡി.സി.സി നേതൃത്വം വഴി എത്തിയതിലും വെട്ടിപ്പുണ്ടായി. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പല സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിനെതിരെ രംഗത്തുവരുമെന്നാണ് സൂചന.