rajnadh sing – india – protaction

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്നത് ഏത് രാജ്യത്ത് നിന്നുള്ളവരായാലും സുരക്ഷ ഉറപ്പു വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ടീമിനെ അയയ്ക്കണമെങ്കില്‍ സുരക്ഷ സംബന്ധിച്ച് ഇന്ത്യ രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് പാകിസ്ഥാന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായിട്ടാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

ടീമുകള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്ന കാര്യത്തില്‍ മുഴുവന്‍ ഉത്തരവാദിത്തം ബി.സി.സി.ഐ ഏറ്റുടുക്കുന്നതായി മുതിര്‍ന്ന ബി.സി.സി.ഐ ഭരണസമിതി അംഗം രാജീവ് ശുക്ലയും വ്യക്തമാക്കി. ഓരോ മത്സരവേദിയിലേയും സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളോടും ജില്ലാ ഭരണകൂടങ്ങളോടും സംസാരിക്കും.

രേഖാമൂലമുള്ള ഉറപ്പുകള്‍ സംബന്ധിച്ച് പാകിസ്ഥാന്‍ നിര്‍ബന്ധം പിടിച്ചാല്‍ അതില്‍ ബി.സി.സി.ഐയ്ക്ക് ഒന്നും ചെയ്യാനില്ല. അത് സര്‍ക്കാരുകള്‍ തമ്മില്‍ ആലോചിക്കേണ്ടതാണ്. സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി ബുധനാഴ്ചയാണ് 19ന്റെ ഇന്ത്യ പാക് മത്സരം ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റിയത്. പാകിസ്ഥാനുമായുള്ള മത്സരത്തിന് സുരക്ഷയൊരുക്കാനാവില്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് നേരത്തെ അറിയിച്ചിരുന്നു.

Top