ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ഗുരുവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനത്തെ തുടര്‍ന്നുണ്ടായ പൊലീസ് നടപടികള്‍ വിവാദമായിരിയ്‌ക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്ത്.
ജെ.എന്‍.യു പ്രശ്‌നത്തെ വര്‍ഗീയവത്കരിയ്ക്കാനാണ് രാജ്‌നാഥ് സിംഗ് ശ്രമിയ്ക്കുന്നതെന്ന് തിവാരി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ഹാഫിസിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും രാജ്‌നാഥ് സിംഗ് നടത്തുന്ന പരാമര്‍ശങ്ങള്‍ പ്രശ്‌നത്തെ വര്‍ഗീയവത്കരിയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും മനീഷ് തിവാരി ആരോപിച്ചു. കപടദേശീയത ഉയര്‍ത്തിപ്പിടിച്ച വര്‍ഗീയത വളര്‍ത്താന്‍ ശ്രമിയ്ക്കുകയാണ് രാജ്‌നാഥ് സിംഗെന്ന് തിവാരി പറഞ്ഞു.
ലഷ്‌കര്‍ ഇ തയിബ നേതാവ് ഹാഫിസ് സയിദുമായി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധമുണ്ടെന്ന രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഹാഫിസ് സയിദിന്റേതെന്ന് പറഞ്ഞ രാജ്‌നാഥ് സിംഗ് ഷെയര്‍ ചെയ്ത ട്വീറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വലിയ തോതില്‍ പരിഹാസമുയര്‍ന്നിരിയ്ക്കുകയാണ്.