ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട് ഭീകരസംഘം എത്തിയതായി ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പതിനഞ്ചോളം ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടന്നെന്നാണ് ഐബി റിപ്പോര്‍ട്ട് ചെയ്തത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഐബി ഇക്കാര്യം വ്യക്തമാക്കി. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി, പ്രതിരോധ സെക്രട്ടറി ജി. മോഹന്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ഐബി മേധാവി, എന്‍എസ്ജി, റോ, എന്നിവയുടെ തലവന്മാരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
ആക്രമണ ഭീഷണി കൈകാര്യം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി. സായുധസേന, അര്‍ധസൈനിക വിഭാഗം, പോലീസ് എന്നിവയെ എത്രയുംവേഗം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നിയോഗിച്ചു. വിമാനത്താവളങ്ങളില്‍ റാഞ്ചല്‍ ഭീഷണി ഉള്ളതിനാല്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാനും യോഗം നിര്‍ദേശം നല്കി.
പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ ജനുവരി രണ്ടിന് ആറു ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് ഭീകരര്‍ ആക്രമണത്തിനായി ഇന്ത്യയിലേക്ക് കടന്നതായുള്ള ഐബി റിപ്പോര്‍ട്ട്.