രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി; ഹെലികോപ്ടര്‍ മാര്‍ഗം ഇടുക്കിയിലേക്ക് പോകും

Rajnath Singh

കൊച്ചി: സംസ്ഥാനത്തെ പ്രളയദുരിതം വിലയിരുത്താന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ അദ്ദേഹം ഹെലികോപ്റ്ററില്‍ ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരും രാജ്‌നാഥ് സിംഗിനൊപ്പമുണ്ടാകും.

മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തും. കാലവര്‍ഷക്കെടുതി അതിഗുരുതരമായതിനാല്‍ മാനദണ്ഡം നോക്കാതെ കേന്ദ്രസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദനം നല്‍കും. കേന്ദ്രസംഘം എത്തിയപ്പോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് കണക്കാക്കിയ 822 കോടി രൂപയുടെ നഷ്ടം സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.

സന്ദര്‍ശനത്തിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗോള്‍ഫ് ഹൗസില്‍ രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജി. സുധാകരന്‍, വി.എസ്. സുനില്‍കുമാര്‍, എം.എം. മണി, മാത്യു ടി. തോമസ് എന്നിവര്‍ പങ്കെടുക്കും.

Top