നികത്താനാവാത്ത നഷ്ടം; ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും സൈനിക ഉദ്യോഗസ്ഥര്‍ക്കും അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 സായുധ സേനാംഗങ്ങളുടെയും വിയോഗത്തിലെ വേദന പങ്കുവെച്ച് അദ്ദേഹ ട്വീറ്റ് ചെയ്തു. ബിപിന്‍ റാവത്തിന്റെ ആകസ്മിക മരണം നമ്മുടെ സായുധ സേനയ്ക്കും രാജ്യത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

അസാധാരണമായ ധൈര്യത്തോടെയും ഉത്സാഹത്തോടെയും രാജ്യത്തെ സേവിച്ച ഉദ്യോഗസ്ഥനാണ് ബിപിന്‍ റാവത്ത്, ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന നിലയില്‍ അദ്ദേഹം നമ്മുടെ സായുധ സേനയുടെ സംയുക്ത പദ്ധതികള്‍ തയ്യാറാക്കിയിരുന്നുവെന്നും പ്രതിരോധ മന്ത്രി പറയുന്നു.

ഈ അപകടത്തില്‍ തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ് തന്റെ ഹൃദയം. വെല്ലിംഗ്ടണിലെ മിലിട്ടറി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ജിപി ക്യാപ്റ്റന്‍ വരുണ്‍ സിംഗ് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു.

 

Top