പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസംഗം തടസ്സപ്പെടുത്തി യുവാക്കള്‍

ഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസംഗം തടസ്സപ്പെടുത്തി യുവാക്കള്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രസംഗം തടസ്സപ്പെടുത്തിയത്. പ്രധാനമായും ഇന്ത്യന്‍ സേനയില്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്നായിരുന്നു ആവശ്യം. ‘സേനയില്‍ റിക്രൂട്ട്‌മെന്റ് നടത്തുക, ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക’ എന്നായിരുന്നു ഇവരുടെ മുദ്രാവാക്യം.

മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച യുവാക്കളെ സമാധാനിപ്പിക്കുന്നതിനായി റിക്രൂട്ട്‌മെന്റ് നടത്തുമെന്നും ആരും വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ ആശങ്കകള്‍ ഞങ്ങളുടേതും കൂടിയാണ്. കോവിഡ് മൂലം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു’- രാജ്‌നാഥ് സിങ് യുവാക്കളോടു പറഞ്ഞു.

യുപിയില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ എല്ലാ വര്‍ഷവും ഹോളി, ദീപാവലി ആഘോഷത്തിന് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് യുപിയില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരു വീട്ടിലെ ഒരു അംഗത്തിനെങ്കിലും ജോലിയോ സ്വയം തൊഴില്‍ ചെയ്യാനുള്ള അവസരമോ ഒരുക്കുമെന്നു പത്രികയില്‍ പറഞ്ഞിരുന്നു.

 

Top