ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഉണ്ടായ ചൈനീസ് വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസറടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്നലെ രാത്രിയാണ് ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണല്‍. 1975-ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്.