രാമക്ഷേത്രം ഇല്ലെങ്കില്‍ വോട്ടില്ല; രാജ്‌നാഥ് സിങ് പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധം

Rajnath Singh

ലക്‌നൗ: ലക്‌നൗവില്‍ യുവ കുംഭ് പരിപാടിയില്‍ പങ്കെടുക്കാനെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെതിരെ വ്യാപക പ്രതിഷേധം. അയോധ്യ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കിയത്.

രാജ്‌നാഥ് സിങ് പരിപാടിയില്‍ പ്രസംഗിക്കുവാന്‍ എത്തിയപ്പോള്‍ തന്നെ ‘രാമക്ഷേത്രം പണിയുന്ന പാര്‍ട്ടിക്ക് മാത്രമായിരിക്കും ഞങ്ങള്‍ വോട്ട് ചെയ്യുക’ എന്ന് പ്രസംഗത്തിനിടെ പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് സംഘാടകര്‍ പ്രതിഷേധക്കാരോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് അഞ്ച് മിനിറ്റോളം രാജ്‌നാഥ് സിങിന്റെ പ്രസംഗം തടസ്സപ്പെട്ടു. മിണ്ടാതിരുന്നാല്‍ മാത്രമേ താന്‍ പ്രസംഗിക്കുകയുളളൂവെന്ന് അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്.

രാമ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ദിവസം ഇതേ പരിപാടിയില്‍ പങ്കെടുക്കവേ അയോധ്യയില്‍ രാമക്ഷേത്രം എന്നെങ്കിലും നിലവില്‍ വരുന്നുണ്ടെങ്കില്‍ അത് നിര്‍മിക്കുന്നത് ബി ജെ പി ആയിരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

ചരിത്രകാരന്മാര്‍ ഇതുവരെ ഇന്ത്യക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും യോഗി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രാമന്റെയും കൃഷണന്റെയും നിലനില്‍പ്പിനെ നിഷേധിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും അവര്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും യോഗി വ്യക്തമാക്കിയിരുന്നു.

Top