ശ്രീനഗറില്‍: സുരക്ഷാ പ്രശ്‌നങ്ങളും അതിന്റെ നടപടികളും വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിലെത്തി. കശ്മീരിലും ഇന്ത്യ-പാക്ക് അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ പ്രത്യേകമായി അദ്ദേഹം വിലയിരുത്തുന്നുണ്ട്. സംസ്ഥാനം എന്ത് തരത്തിലുള്ള നടപടിയാണ് ഇവിടെ സുരക്ഷ സംബന്ധിച്ച് എടുത്തിട്ടുള്ളതെന്ന് പരിശോധിക്കാനാണ് തന്റെ സന്ദര്‍ശനമെന്ന് ആഭ്യന്തര മന്ത്രി നേരത്തെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിവിധ പാര്‍ട്ടി നേതാക്കളുമായി അദ്ദേഹം സംസാരിക്കും. സംസ്ഥാന ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ആഭ്യന്തര മന്ത്രിയുടെ ആദ്യത്തെ ജമ്മുകശ്മീര്‍ സന്ദര്‍ശനമാണിത്. കഴിഞ്ഞ ദിവസമാണ് ഇവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫലം വന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും പിഡിപിയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു.
പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്ക്കുകയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഗവര്‍ണര്‍ ഭരണത്തിലേയ്ക്ക് കശ്മീരിനെ കൊണ്ടെത്തിച്ചത്.