ന്യൂഡല്‍ഹി: ഇന്ത്യ കോവിഡ് വാക്‌സിന്‍ കയറ്റുമതി ആരംഭിച്ചതിലൂടെ പ്രതിഫലിക്കുന്നത് ‘വസുധൈവ കുടുംബകം’ എന്ന ഇന്ത്യയുടെ ചിരപുരാതന വിശ്വാസപ്രമാണമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. വ്യാഴാഴ്ച നാഷണല്‍ കേഡറ്റ് കോര്‍പിന്റെ വാര്‍ഷിക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഒന്നായി ഒരു കുടുംബമായാണ് നാം കരുതുന്നതെന്നും അതിനാല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന രണ്ട് കോവിഡ് വാക്‌സിനുകളുടെ വിതരണം രാജ്യത്തിനകത്ത് മാത്രമായി ചുരുക്കാതെ ആവശ്യമുള്ള അയല്‍രാജ്യങ്ങള്‍ക്കും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ മറ്റു ഭാഗങ്ങളിലെ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഇന്ത്യ ഒരുക്കമാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍, സീഷല്‍സ് എന്നിവടങ്ങളിലേക്ക് ബുധനാഴ്ച മുതല്‍ കോവിഡ് വാക്‌സിന്റെ കയറ്റുമതി ആരംഭിച്ചു. ജനുവരി 16 ന് സിറം ഇന്‍സ്റ്റിട്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയുടെ വിതരണം രാജ്യത്ത് ആരംഭിച്ചിരുന്നു.