ഇന്ത്യ ലോകത്തെ ഏറ്റവും മഹത്തായ സൈനിക ശക്തിയായി മാറുന്ന കാലം വിദൂരമല്ല; രാജ്നാഥ് സിങ്

ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മേഖലയില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ ഏറ്റവും മഹത്തായി മാറുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വീക്ഷണകോണില്‍നിന്നുകൊണ്ട് പ്രതിരോധ മേഖലയെ ഞങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര തലത്തിലെ ഇന്ത്യയുടെ കുതിപ്പ് അതിന്റെ ഫലമാണ്. ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാത്രമല്ല, ലോകത്തെ ഏറ്റവും മഹത്തായ സൈനിക ശക്തിയായി മാറുന്ന കാലം വിദൂരമല്ലെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കാലത്തെ ഇന്ത്യയെ ഇന്നത്തെ ഇന്ത്യയുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു രാജ്യത്തിന്റെ വളര്‍ച്ച രാജ്‌നാഥ് സിങ് ചൂണ്ടിക്കാണിച്ചത്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് രാജ്യാന്തര ഫോറത്തില്‍ സംസാരിക്കുമ്പോള്‍ ഇന്ത്യയുടെ വാക്കുകള്‍ ഗൗരവത്തിലെടുത്തിരുന്നതായി തോന്നിയിട്ടില്ലെന്നും എന്നാല്‍ ഇന്ന് ഇന്ത്യ പറയുന്നത് ലോകം ശ്രദ്ധിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയുടെ സ്ഥാനം അത്രത്തോളം വളര്‍ന്നുകഴിഞ്ഞു എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

”2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രതിരോധ മേഖലയ്ക്കാണു പ്രധാന പരിഗണന നല്‍കിയിരുന്നത്. മോദി സര്‍ക്കാര്‍ ‘ആത്മനിര്‍ഭരത’ (സ്വയംപര്യാപ്തത) പ്രോത്സാഹിപ്പിച്ചു. പ്രതിരോധ മേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ അവതരിപ്പിച്ചു. സൈന്യത്തെ ആധുനികവത്ക്കരിക്കുന്നതിലായിരുന്നു കേന്ദ്രത്തിന്റെ ശ്രദ്ധ. മുന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ലെന്നല്ല അര്‍ഥമാക്കുന്നതു മറിച്ച് ഞങ്ങളാണ് ആത്മനിര്‍ഭരത പ്രതിരോധ മേഖലയില്‍ കൊണ്ടുവന്നത്” അദ്ദേഹം പറഞ്ഞു.

ഒരു രാജ്യമെന്ന നിലയില്‍ സാങ്കേതിക കാര്യങ്ങള്‍ക്കായി മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തെ ഹാനികരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യം, ദൈനംദിന ജീവിതം, തുടങ്ങി എല്ലാ മേഖലകളിലും ഇത് സ്വാധീനം ചെലുത്തും. ആ മാനസികാവസ്ഥയില്‍നിന്ന് മുന്നേറാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Top