ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി ധ്രുവീകരണത്തിലൂടെയുള്ള വോട്ടാണ് ലക്ഷ്യമിടുന്നതെന്നും ഒരു വിഭാഗത്തിന്റെ വോട്ട് അവര്‍ക്ക് ലഭിക്കുമെന്നും ധ്രുവീകരണത്തിലൂടെയുള്ള വോട്ട് ബിജെപിക്ക് വേണ്ടെന്നും മാനവികതയുടെയും നീതിയുടെയും അടിസ്ഥാനത്തിലുള്ളത് മതിയെന്നും കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാസ്ഗഞ്ചില്‍ വെച്ചാണ് മന്ത്രിയുടെ പരാമര്‍ശം. നരേന്ദ്രമോദിക്ക് പിറകെ, ചുവന്ന തൊപ്പി അപകടസൂചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാതി, വര്‍ഗം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വോട്ട് വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
എസ്പിയുടെ ഭരണകാലയളവില്‍ നിരവധി കലാപങ്ങള്‍ നടന്നുവെന്നും അതിനവര്‍ മറുപടി പറയണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ബിജെപിയുടെ ഭരണത്തില്‍ ആരും കലാപമുണ്ടാക്കാന്‍ ധൈര്യപ്പെടാത്തത് എന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. 2017 മുതല്‍ സംസ്ഥാനത്ത് ക്രമസമാധാനപാലനത്തിലുണ്ടായ മികവാണ് പാര്‍ട്ടി ഉയര്‍ത്തിക്കാണിക്കുന്നത്.
2017 വിജയം ബിജെപി ആവര്‍ത്തിക്കുമെന്നും എല്ലാവരും ഐശ്വര്യത്തിന്റെ ലക്ഷ്മി ദേവി വരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവി സൈക്കിളിലോ (എസ്പി ചിഹ്നം) ആനപ്പുറത്തോ (ബിഎസ്പി ചിഹ്നം) വരില്ലെന്നും കൈ അനക്കില്ലെന്നും മന്ത്രി പരിഹസിച്ചു. താമരയിലേറെയാണ് വരികയെന്നും അദ്ദേഹം പറഞ്ഞു.