ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചു. ഞായറാഴ്ച എയിംസ് ആശുപത്രിയില്‍ എത്തിയാണ് രാജ്‌നാഥ് പരീക്കറെ സന്ദര്‍ശിച്ചത്.
പരീക്കറിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോക്ടര്‍മാരോട് തിരക്കിയെന്നും രോഗവിമുക്തനായി വേഗം മടങ്ങി വരാന്‍ പ്രാര്‍ഥിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
പാന്‍ക്രിയാസ് ക്യാന്‍സറിനെ തുടര്‍ന്ന് ഏതാനും നാളുകളായി മനോഹര്‍ പരീക്കര്‍ ചികിത്സയിലാണ്. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ പനിയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
‘സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് മുഖ്യമന്ത്രി അമിത്ഷായെ ധരിപ്പിച്ചു. തന്റെ ആരോഗ്യനിലയില്‍ വലിയ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചില വകുപ്പുകളുടെ ചുമതലകളില്‍ നിന്ന് മാറ്റണമെന്നാണ് പരീക്കറുടെ ആവശ്യം. അടുത്തയാഴ്ച സര്‍ക്കാര്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. പാന്തുറാങ് മദയ്ക്കര്‍, ഫ്രാന്‍സിസ് ഡിസൂസ എന്നീ മന്ത്രിമാരെ ആരോഗ്യ കാരണങ്ങളാല്‍ മന്ത്രിസഭയില്‍ നിന്ന് മാറ്റുന്ന കാര്യവും ഉടന്‍ ചര്‍ച്ച ചെയ്യും’ മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞത്.