കാശ്മീരിനെ വീണ്ടും സ്വർഗ്ഗമാക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്

അനന്തനാഗ്: സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് കശ്മീരിനെ വീണ്ടും സ്വര്‍ഗമാകുമെന്നും അതു തടയുന്നതിന് ആര്‍ക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.

സമാധാനം പുനസ്ഥാപിക്കാനായി ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണ്. കശ്മീരിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് ആക്ഷേപമുള്ളവര്‍ മുന്നോട്ടുവന്ന് ഇക്കാര്യം അധികാരികളെ അറിയിക്കണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കാശ്മീരില്‍ എത്തിയതാണ് രാജ്‌നാഥ് സിംഗ്.

കശ്മീരിലെ പൊലീസ് സ്‌റ്റേഷനുകളില്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ അനുവദിക്കും, ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞു, സൈനികര്‍ക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

സൈനികര്‍ കാണിക്കുന്ന ധൈര്യത്തിനും ചങ്കൂറ്റത്തിനും അവരെ അഭിനന്ദിക്കുന്നതായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം രാജ്‌നാഥ് സിംഗ് കൈമാറി.

ശ്രീനഗറില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ അബ്ദുള്‍ റാഷിദിന്റെ മകളുടെ കരയുന്ന മുഖം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. കാശ്മീരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top