ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷാവസ്ഥക്ക് സമാധാനപരമായ നടപടികൾ സ്വീകരിച്ചതിന് ശേഷം നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡിലേക്ക്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ എത്തുന്ന ആഭ്യന്തര മന്ത്രി ബാര ഹോത്തിയിലെ അതിര്‍ത്തി സംരക്ഷ സേനയുമായി സംവദിക്കും.
സമുദ്ര നിരപ്പില്‍ നിന്ന് 14,311 അടി ഉയരത്തിലുള്ള ബരഹോതി അതിര്‍ത്തിയില്‍ ഐടിബിപി കാവല്‍ സേനയും നിലനിൽക്കുന്നുണ്ട്.
ഇത് ആദ്യമായാണ് രാജ്‌നാഥ് സിങ് ഇവിടം സന്ദര്‍ശിക്കുന്നത്. ഇതോടൊപ്പം റിംഖിം, മാന, ഔളി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുന്നുണ്ട്.
നാലുദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനം 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
മുസ്സോറി ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ സന്ദര്‍ശിച്ച് ഐഎസ്, ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തും കേന്ദ്രമന്ത്രി സംസാരിക്കും.
ജൂലൈ 25നാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെ ബരഹോതിയില്‍ 800 മീറ്ററില്‍ ചൈനീസ് സൈന്യം പ്രവേശിച്ചത്. ഇതിനെതുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ഒട്ടേറെ തർക്കങ്ങളും ഉണ്ടായിരുന്നു.
ദോക്ക്ലാം വിഷയത്തിനു ശേഷം ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശിക്കുന്നത്.
2017 ജൂണ്‍ 16 ന് ആണ് ദോക്ക്ലാം മേഘലയില്‍ ചൈന റോഡ് നിര്‍മ്മാണം തുടങ്ങിയത്. ഇതിനെ ഇന്ത്യന്‍ സൈന്യം ശക്തമായി എതിര്‍ക്കുകയും തുടര്‍ന്ന് അതിര്‍ത്തിയിൽ സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തിരുന്നു.
അതിർത്തി തർക്കത്തിൽ ഇന്ത്യയുടെ നയതന്ത്രപരമായ ഇടപെടല്‍ വിജയം കണ്ടതോടെ ഓഗസ്റ്റ് 28 ന് ഇരു രാജ്യങ്ങളും അതിര്‍ത്തിയിൽ നിന്ന് സൈന്യത്തെ പിന്‍വലിച്ചിരുന്നു.