Rajnath singh’s Warning against Pakistan

ജമ്മു: അതിര്‍ത്തിയിലെ വെടിവെപ്പ് അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെ പത്ത് കഷ്ണങ്ങളാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അത് വിലപ്പോവില്ല. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതു നടപ്പാവില്ല. സ്വാതന്ത്ര്യത്തിനുശേഷം നാലുതവണയാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചത്. അപ്പോഴെല്ലാം ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. 1971 ല്‍ പാക്കിസ്ഥാന്‍ രണ്ടായി വിഭജിച്ചു. അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പ് അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ വൈകാതെ പത്തു കഷണങ്ങളാകും-ആഭ്യന്തരമന്ത്രി മുന്നറിയപ്പ് നല്‍കി.

ആരുടെ മുന്നിലും രാജ്യത്തിന്റെ തലകുനിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ അനുവദിക്കില്ല. നമ്മുടെ അയല്‍ക്കാരെ മാറ്റാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. അയല്‍രാജ്യം ഇന്ത്യയ്‌ക്കെതിരെ ഭീകരവാദത്തെ ഉപയോഗിക്കുന്നത് തുടരുകയാണ്. ഭീകരവാദം ധൈര്യശാലികളുടെ ആയുധമല്ല ഭീരുക്കളുടേതാണ്-രാജ്‌നാഥ് സിങ് പറഞ്ഞു.

ജമ്മു കശ്മീരിലെ കത്തുവയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ഉറി ഭീകരാക്രമണത്തിനുശേഷം ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും രാജ്‌നാഥ് സൂചിപ്പിക്കുകയുണ്ടായി. എത്ര ഭീരുത്വത്തോടെയാണ് അവര്‍ നമ്മുടെ ജവാന്‍മാരെ ആക്രമിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്. അതിനുശേഷം നമ്മുടെ സൈനികര്‍ മനോഹരമായ ഒരു ജോലിയാണ് ചെയ്തത്. രാജ്യത്തിന്റെ തല ആര്‍ക്കുമുന്നിലും കുനിക്കില്ലെന്ന് ഈ സര്‍ക്കാര്‍ ഉറപ്പു നല്‍കുകയാണ് -രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി.

പാക് ഭരണകൂടത്തെയും സൈന്യത്തെയും രാജ്‌നാഥ് സിങ്ങിന്റെ അപ്രതീക്ഷിത മുന്നറിയിപ്പ് അമ്പരപ്പിച്ചിരിക്കുകയാണ്.

Top