പ്രയാഗ്രാജ്: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പാലത്തിന്റെ തൂണില്‍ കയറി നിന്ന് ഉത്തര്‍പ്രദേശുകാരന്റെ ഭീഷണി. പ്രയാഗ് രാജ് സ്വദേശിയായ രജനികാന്താണ് ന്യൂ യമുന ബ്രിഡ്ജിന്റെ തൂണിന് മുകളില്‍ കയറി ഭീഷണി മുഴക്കിയത്.ലാന്‍ഡറുമായുള്ള ആശയവിനിമയം തുടരാനായാല്‍ മാത്രമേ തിരിച്ചിറങ്ങൂ എന്നാണ് ഇയാളുടെ ഭീഷണി.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഉയരുമുള്ള തൂണില്‍ കയറിയ ഇയാള്‍ താഴെയിറങ്ങാന്‍ ഒരുക്കമല്ലെന്ന ഭീഷണിയുമായി മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തി. ചുറ്റും കൂടിയ ആളുകള്‍ താഴെയിറങ്ങാന്‍ പ്രേരിപ്പിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. പിന്നീട് ഒരു ഇരുമ്പ് പാത്രത്തിലാക്കി ഒരു കുറിപ്പ് ഇയാള്‍ ആളുകള്‍ക്ക് കൈമാറി.
https://www.indiatoday.in/trending-news/video/watch-man-refuses-to-get-off-bridge-in-uttar-pradesh-till-vikram-lander-responds-1600040-2019-09-17?jwsource=twi
‘ഐഎസ്ആര്‍ഒയ്ക്ക് ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ സാധ്യമാകുന്നത് വരെ ഞാന്‍ ചന്ദ്രദേവനോട് പ്രാര്‍ഥനയുമായി ഇവിടെ തന്നെ നില്‍ക്കും’. ഇതായിരുന്നു രജനികാന്തിന്റെ കുറിപ്പ്. പാലത്തിന്റെ മുകളില്‍ ഇന്ത്യന്‍ പതാകയുടെ അടുത്ത് നില്‍ക്കുന്ന രജനികാന്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായി വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കു ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷടമായിരുന്നു. ഒടുവില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്കു ഇടിച്ചിറങ്ങിയതാവാം എന്നുള്ള അനുമാനത്തിലാണ് ഐ.എസ്.ആര്‍.ഒ. ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ യും നാസയുമുള്‍പ്പെടെയുള്ള ബഹിരാകാശഗവേഷണകേന്ദ്രങ്ങള്‍ ശ്രമം തുടരുകയാണ്.